പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്തുകോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തു, നടുറോഡിൽ പൊലീസുകാർ തമ്മിൽ പോര്

ഷിംല: യൂത്തുകോൺഗ്രസുകാരെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസുകാർ തമ്മിൽ വാക്‌പോര്. വഴക്കുമൂത്ത് കയ്യാങ്കളിയുടെ വക്കുവരെ എത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഹിമാചൽപ്രദേശിലെ ഷിംല ജില്ലയിലെ റോഹ്രുവിലെ ഹൈവേയിലായിരുന്നു നാടകീയ സംഭവങ്ങൾ. ഷിംല പൊലീസും ഡൽഹി പൊലീസും തമ്മിലാണ് വാക്‌പോരുണ്ടായത്.
ഡൽഹിയിൽ എഐ സമ്മിറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്ന് യൂത്തുകോൺഗ്രസ് പ്രവർത്തകരെ പിടികൂടാനാണ് ഡൽഹി പൊലീസ് എത്തിയത്. സാധാരണ വേഷത്തിലാണ് ഇവർ വന്നത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഷിംല പൊലീസ് തടഞ്ഞു. ഇതോടെ നടുറോഡിൽ പൊലീസുകാർ പരസ്പരം വാക്കേറ്റമുണ്ടാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്യാതെ അറസ്റ്റിലായവരെ മറ്റൊരുസംസ്ഥാനത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഷിംല പാെലീസ് പറഞ്ഞു. എന്നാൽ ഇതനുസരിക്കാൻ ഡൽഹി പൊലീസ് തയ്യാറായില്ല. കൃത്യനിർവഹണം തടസപ്പെടുത്തരുതെന്ന് ഡൽഹി പാെലീസ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്മാറാൻ പൊലീസ് തയ്യാറായില്ല. യൂത്തുകോൺഗ്രസ് പ്രവർത്തകരെ റിസോർട്ടിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോവുകയാണെന്ന് അവർ ആരോപിക്കുകയും ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇരുപതോളം പേർ എത്തിയാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് ഷിംല പൊലീസ് പറയുന്നത്. ഡൽഹി പൊലീസിന്റെ വാഹനവും പിടിച്ചെടുത്തു.
എന്നാൽ തങ്ങളുടെ ഉദ്യോഗസ്ഥരെ ഷിംല പൊലീസ് തടഞ്ഞുവയ്ക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. പ്രതിഷേധക്കാരെ താമസിപ്പിച്ചു എന്നാരോപിച്ച് ഡൽഹിയിലെ ഹിമാചൽ സദനിൽ ഡൽഹി പൊലീസ് നേരത്തേ റെയ്ഡ് നടത്തിയിരുന്നു.ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് ഇതിന് നിശിതമായി വിമർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റിനായി ഡൽഹി പൊലീസ് ഹിമാചലിൽ എത്തിയത്.
Source link



