പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ജാഥ; ചിന്ത ജെറോമിനെതിരെ കേസെടുത്തു

കൊല്ലം: പ്രതിഷേധത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സി.പി.എം നേതാവ് ചിന്ത ജെറോമിനെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് കേസ്. ചിന്ത അടക്കം 55 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് കേസ്.
ആരോഗ്യമന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രകടനത്തിനിടെ ചിന്താ ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സ്ത്രീവിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റുവിളിച്ചത്. വ്യാപക വിമർശനത്തിന് പിന്നാലെ ചിന്ത വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
വൈകാരികമായ പ്രതിഷേധ പ്രകടനമാണ് നടന്നതെന്നും മുദ്രാവാക്യം ഏറ്റുവിളിച്ച് പോയതാണെന്നുമാണ് ചിന്ത ജെറോമിന്റെ പ്രതികരണം. വലിയ വൈകാരികമായ പ്രതിഷേധ പ്രകടനമാണ് നടന്നത്. വനിതാ മന്ത്രിക്കെതിരായ അതിക്രമം എന്നതിലുപരി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ സഖാവിനുനേരെ കൊലപാതകശ്രമം കേരളത്തിൽ നടത്തുമ്പോൾ അത് വലിയ രീതിയിലുള്ള വൈകാരിക പ്രകടനമായി മാറും. പ്രകടനത്തിന്റെ ഭാഗമായി പങ്കെടുത്തിരുന്നു. അതിൽ വൈകാരികമായ മുദ്രാവാക്യങ്ങളുണ്ടായിരുന്നു. പ്രകടനത്തിനൊപ്പം നിൽക്കുമ്പോൾ ഇത്തരം വൈകാരികമായ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചുപോകും. സിപിഎമ്മിന്റേത് സ്‌ത്രീകൾക്കൊപ്പവും അരികുവത്‌കരിക്കപ്പെട്ടവർക്കൊപ്പവും നിൽക്കുന്ന പുരോഗമന രാഷ്ട്രീയമാണ്. ഞാൻ എല്ലാ ഘട്ടത്തിലും സ്‌ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആളാണ്. അത് പ്രതികരണങ്ങളിലും വാക്കിലും ഉണ്ടാകണം എന്നാഗ്രഹിക്കുന്നയാളാണ്. ജീവിതത്തിലൊരിക്കലും അങ്ങനെയൊരു ആരോപണം കേൾക്കണമെന്നാഗ്രഹിക്കുന്നയാളല്ല ഞാൻ. ഞങ്ങളാരും അങ്ങനെ ചെയ്യുന്നവരും അല്ല. പ്രചാരണങ്ങൾ നടത്തുന്നവർ വസ്‌തുതകൾ മനസിലാക്കണം. മുദ്രാവാക്യം വിളി തിരുത്താനും അത് ഏറ്റുവിളിക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്’- ചിന്ത ജെറോം വ്യക്തമാക്കി.
Source link



