പ്രകമ്പനം കൊള്ളിച്ച് പുതുനിര താരങ്ങൾ

സൂപ്പർ ഹിറ്റിലേക്ക് പ്രകമ്പനം, ഹിറ്റടിച്ച് ചത്താ പച്ച
വൻ പ്രതീക്ഷയുമായി പെണ്ണും പൊറാട്ടും, വാഴ ll , ഡർബി
പുതുവർഷം പുതുനിര താരങ്ങളുടെ തിളക്കത്തിൽ. തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ് മുഴുനീള ഫാമിലി കോമഡി ഹൊറർ ഡ്രാമയായ പ്രകമ്പനം. 10 ദിവസം കൊണ്ട് ലോകവ്യാപകമായി 12.65 കോടി നേടി സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ് പ്രകമ്പനം. കേരളത്തിൽ നിന്നു മാത്രം ഇതിനകം നേടിയ ഗ്രോസ് കളക്ഷൻ 9 കോടിയോളം രൂപ. 5 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിന് കേരളത്തിൽ നിന്ന് 4 കോടി 25 ലക്ഷം രൂപയും ലോക വ്യാപകമായി 6 കോടി രൂപയും നേടി എന്നാണ് റിപ്പോർട്ട്. പുതുനിര താരങ്ങളായ ഗണപതി , സാഗർസൂര്യ, അൽ അമീൻ, ശീതൾ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്നർ ആണ്. അർജുൻ അശോകൻ, റോഷൻമാത്യു, വിശാഖ് നായർ, ഇഷാൻ ഷൗഖത്ത് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചത്താപച്ച പുതുനിര താരത്തിളക്കത്തിൽ ഈ വർഷത്തെ ആദ്യ ഹിറ്റായി മാറി. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി പ്രതീക്ഷ ഉണർത്തുന്നു. മലയാളത്തിലെ യുവ പ്രതിഭകളെയും സോഷ്യൽ മീഡിയ താരങ്ങളുമായി എത്തുന്ന ഡർബി സജിൽ മമ്പാട് സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലും സാഗർ സൂര്യ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 2ന് റിലീസ് ഉറപ്പിച്ച
വാഴയുടെ രണ്ടാം ഭാഗം വാഴ ll ബയോപിക് ഒഫ് ദ ബില്യൺ ബ്രോസ് വൻ പ്രതീക്ഷ നൽകുന്നു. വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ സംവിധാനം ചെയ്യുന്ന വാഴയിലെ താരങ്ങളായ ഹാഷിർ, അലൻബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും ആണ് മറ്റൊരു പുതുമുഖ ചിത്രം. നൂറിലധികം പുതമുഖങ്ങളാണ് അണിനിരക്കുന്നത്. മലയാള സിനിമയിൽ ഇപ്പോൾ പുതുനിര താരങ്ങളുടെ ചിത്രങ്ങൾക്ക് ആണ് കൂടുതൽ തിളക്കം. സോഷ്യൽ മീഡിയ താരങ്ങൾ കൈയടക്കുകയാണ് ബിഗ് സ്ക്രീൻ. ക്യാമറയുടെ മുൻപിലും പിൻപിലും.
Source link



