ട്രെയിൻ ടിക്കറ്റെടുക്കാൻ നോക്കുമ്പോൾ മിക്കവരും നേരിട്ടിട്ടുള്ള പ്രശ്നം; അതിനൊരു കാരണമുണ്ട്

ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്ക് മിക്കവരും ട്രെയിനാണ് ഉപയോഗിക്കാറ്. ചിലർ ഐ ആർ സി ടി സി ആപ്പ് മുഖേനെ മുൻകൂട്ടി സീറ്റ് റിസർവ് ചെയ്ത് സുഖകരമായ യാത്ര ഉറപ്പാക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ റിസർവ് ചെയ്യാതെയും യാത്ര ചെയ്യേണ്ടതായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ പേരും റെയിൽവേ സ്റ്റേഷനിലെത്തിയാണ് ടിക്കറ്റെടുക്കുന്നത്.
പലപ്പോഴും ട്രെയിൻ എത്തിക്കഴിഞ്ഞിട്ടും ടിക്കറ്റിനായി റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ടി വരാറുണ്ട്. ടിക്കറ്റ് കിട്ടുമ്പോഴേക്ക് ട്രെയിൻ പോകുകയും ചെയ്യും. ഇതിൽ നിന്ന് രക്ഷനേടാനായി മൊബൈൽ ഫോണിലെ യുടിഎസ് (അൺ റിസർവിംഗ് ടിക്കറ്റ് സിസ്റ്റം) ആപ്പ് വഴി ടിക്കറ്റെടുക്കുന്നവരും ഏറെയാണ്.
യുടിഎസിൽ ടിക്കറ്റെടുക്കുമ്പോൾ നേരിടുന്ന ഒരു പ്രശ്നം ചൂണ്ടിക്കാണിച്ച്, സ്‌ക്രീൻഷോട്ട് സഹിതം അടുത്തിടെ ഒരു യാത്രക്കാരൻ പരാതി ഉന്നയിച്ചിരുന്നു. നവംബർ 13 വ്യാഴാഴ്ച രാത്രി ടിക്കറ്റെടുക്കുമ്പോഴായിരുന്നു സംഭവം. ലോക്കൽ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരന് ഒരു സന്ദേശം ലഭിക്കുകയായിരുന്നു.
‘ബുക്ക് ചെയ്യുന്ന ഉപകരണം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴ് മീറ്ററെങ്കിലും ദൂരെയായിരിക്കണം. ദയവായി റെയിൽവേ സ്റ്റേഷൻ/ട്രാക്കിൽ നിന്ന് ഏഴ് മീറ്റർ അകലെ നിൽക്കുക’- എന്നായിരുന്നു സന്ദേശം. ഇതോടെ ഉപയോക്താവ് ആശയക്കുഴപ്പത്തിലായി. എന്താണ് ഇങ്ങനെ വന്നത്?, നമ്മൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുപോയി, റോഡ് മുറിച്ചുകടന്ന് ടിക്കറ്റെടുക്കണോ എന്ന സംശയവും അദ്ദേഹം ചോദിക്കുകയുണ്ടായി.
എന്തിനാണ് ഇത്തരമൊരു നിയന്ത്രണം
യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഏഴ് മീറ്റർ അകലെയായിരിക്കണമെന്ന നിയന്ത്രണം ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോൾ സ്‌റ്റേഷനിൽ എത്തിക്കഴിഞ്ഞിട്ടായിരിക്കും യാത്രക്കാരൻ ടിക്കറ്റെടുക്കുന്ന കാര്യം ഓർക്കുക. യുടിഎസ് വഴി എടുക്കാൻ സ്റ്റേഷൻ പരിസരത്തിന് പുറത്തേക്ക് നീങ്ങേണ്ടതുണ്ട്.
ടിക്കറ്റ് വെട്ടിപ്പ് അവസാനിപ്പിക്കുകയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന നിരവധി പേരുണ്ട്. ടിടിഇ വരില്ലെന്നും പിടിക്കപ്പെടില്ലെന്നും കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ടിടിഇ വന്നാൽ ഫൈൻ ഈടാക്കുകയും ചെയ്യും. യുടിഎസ് പോലുള്ള ആപ്പുകൾ റെയിൽവേ സ്റ്റേഷനുകളിൽ നിന്നോ ട്രെയിനുകളിൽ നിന്നോ ടിക്കറ്റെടുക്കാനുള്ള അവസരം നൽകിയാൽ ടിക്കറ്റ് വെട്ടിപ്പ് കൂടും. ടിടിഇയെ കാണുമ്പോഴായിരിക്കും പലരും യുടിഎസ് ആപ്പിൽ കയറി ടിക്കറ്റെടുക്കുക. ഇത്തരമൊരു നിയന്ത്രണമേർപ്പെടുത്തിയാൽ ഈ തട്ടിപ്പ് ഒഴിവാക്കാം. മാത്രമല്ല അവസാന നിമിഷം ടിക്കറ്റ് വാങ്ങുന്നത് തടയുകയാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം.
യുടിഎസ് ആപ്പ് എങ്ങനെ ഉപയോഗിക്കാം
യുടിഎസ് ആപ്പ് ഉപയോഗിച്ച്, ക്യൂ നിൽക്കാതെ വളരെയെളുപ്പത്തിൽ ടിക്കറ്റെടുക്കാൻ സാധിക്കും. എന്നാൽ എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാമെന്ന് അറിയാത്ത നിരവധി പേരുണ്ട്. ആദ്യം തന്നെ നിങ്ങളുടെ ഫോണിൽ യുടിഎസ് മൊബൈൽ ആപ്പ് ഓപ്പൺ ആക്കുകയാണ് വേണ്ടത്.
ടിക്കറ്റ് കൗണ്ടറുകൾക്കോ സ്റ്റേഷൻ പരിസരത്തിന് പുറത്തുള്ള പ്രവേശന കവാടങ്ങൾക്കോ സമീപം, യുടിഎസ് ക്യുആർ കോഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ശേഷം യുടിഎസ് ആപ്പിലെ ‘ക്യൂആർ ബുക്കിംഗ്’ അല്ലെങ്കിൽ ‘ക്യൂആർ വഴിയുള്ള യാത്രാ ടിക്കറ്റ്’ എന്നിവയിൽ ക്ലിക്ക് ചെയ്യുക.
ക്യൂആർ കോഡ് സ്‌കാൻ ചെയ്യുകയാണ് അടുത്തഘട്ടം. സ്‌കാൻ പൂർത്തിയായിക്കഴിഞ്ഞാൽ, എവിടേക്കാണ് പോകേണ്ടത് എന്ന് ടൈപ്പ് ചെയ്യുക. ശേഷം പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഡിജിറ്റലായി പണം അടക്കാം. ഇടപാട് വിജയകരമായി പൂർത്തിയാക്കിയാൽ യാത്രക്കാരന് അവരുടെ ഫോണിൽ ഇടിക്കറ്റ് ലഭിക്കും. ടിടിഇ ചോദിക്കുമ്പോൾ ഇത് കാണിച്ചാൽ മതി.
Source link

