പൊലീസ് സുരക്ഷാ സേനയ്‌ക്ക് നേരെ വെടിവയ്‌പ്; നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഗുവാഹത്തി: അസമിൽ പൊലീസ് സുരക്ഷാ കാമ്പിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് പൊലീസ് കമാൻഡോകൾക്ക് പരിക്കേറ്റു. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസം (ഉൾഫ) തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഏപ്രിൽ ഒമ്പതിന് അസം നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. ആളപായമോ നാശനഷ്‌ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.ടിൻസുകിയ ജില്ലയിലെ ജാഗുൺ പ്രദേശത്തുള്ള സുരക്ഷാ ക്യാമ്പിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. അസം-അരുണാചൽ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമാണിത്. കമാൻഡോ ക്യാമ്പിൽ തീവ്രവാദികൾ കുറഞ്ഞത് അഞ്ച് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി) പ്രയോഗിച്ചതായാണ് വിവരം. പിന്നാലെ ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന വെടിവയ്പ്പും നടത്തി. പരിക്കേറ്റ നാല് കമാൻഡോകളെ ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അക്രമികളെ കണ്ടെത്താനായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ് സുരക്ഷാസേന.
Source link



