LATEST

പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച കാറിൽ യുവതിയും

രണ്ട് യുവാക്കൾ കൊല്ലത്ത് അറസ്റ്റിൽ

കൊച്ചി: എറണാകുളം നഗരത്തിലെ വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കടന്ന കാറിൽ മദ്യപിച്ച് ലക്കുകെട്ട യുവതിയും ഉണ്ടായിരുന്നതായി സൂചന. കാറും അതിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കൊല്ലത്തു നിന്ന് കൊച്ചി പൊലീസ് പിടികൂടി. യുവതി ഒളിവിലാണ്.

കൊല്ലം ചവറ പച്ചാൽക്കാവ് അമ്പലത്തി ബംഗ്ലാവ് വീട്ടിൽ ഇർഷാദ് (27), കൊല്ലം പന്മന മിടപ്പള്ളി കോട്ടയിൽ വീട്ടിൽ ഷംനാദ് (23) എന്നിവരെയാണ് ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയാണ് പിടിയിലാകാനുള്ളത്. മൂവരും അമിതമായി മദ്യപിച്ചിരുന്നതിനാലാണ് വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി കടത്തടക്കം സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി കൊച്ചിൽ എത്തിച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ ടെമ്പിൾ റോഡിലായിരുന്നു അതിക്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ എൻ.പി. സന്തോഷാണ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് തെറുച്ചു വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞ ശേഷം സഡൻ ബ്രേക്കിട്ട് വെട്ടിച്ച് കടന്നു കളയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് ദേഹമാകെ പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സ തേടി.

ലഹരിവ്യാപനം തടയാൻ ലക്ഷ്യമിട്ട് കൊച്ചിയിൽ രാത്രികാല പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു. നോർത്ത് സ്റ്റേഷനിലെ എസ്.ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സി.പി.ഒ മണികണ്ഠൻ എന്നിവർക്കൊപ്പം ഡ്രൈവറായ സന്തോഷും വാഹന പരിശോധന നടത്തുന്നതിനിടെ എൽ.എഫ്.സി റോഡിൽ നിന്നാണ് അമിതവേഗത്തിൽ കാറെത്തിയത്. വാഹനം നിറുത്താൻ ഇലക്ട്രിക് ലാമ്പ് ഉപയോഗിച്ച് ആവശ്യപ്പെട്ടു. വേഗം കുറച്ച് നിറുത്തുകയാണെന്ന് തോന്നിപ്പിച്ച ശേഷം കാർ അതിവേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. കാറുമായ കടന്ന യുവാക്കൾ യുവതിയെ സുരക്ഷിത കേന്ദ്രത്തിലാക്കി കൊല്ലത്തേക്ക് മുങ്ങി. കൊലപാതകശ്രമം, അലക്ഷ്യമായി വാഹനമോടിക്കൽ, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.


Source link

Related Articles

Back to top button