test del 2
പൈലറ്റിനെ രക്ഷിക്കൽ പുകമറ; യുഎസ് നടത്തിയത് ഇറാനിൽ നിന്ന് യുറേനിയം കടത്താനുള്ള നീക്കമോ?

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ എഫ്-15ഇ പോർവിമാനത്തിലെ കാണാതായ വൈമാനികനെ രക്ഷിക്കാനായി വലിയ സന്നാഹങ്ങളാണ് യുഎസ് നടത്തിയത്. ഇതിന്റെ ഭാഗമായി സ്വന്തം സൈനിക വിമാനം ബോംബ് വെച്ച് തകർക്കുകപോലുമുണ്ടായി. സമീപകാലത്ത് യുഎസ് സൈന്യം നടത്തിയ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനമെന്നാണ് ഇതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. യുദ്ധവിമാനം നഷ്ടപ്പെടുത്തുന്നതിനേക്കാൾ വിലയേറിയ ജീവൻ രക്ഷിക്കുന്നതിനും സൈനിക രഹസ്യം സംരക്ഷിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയതെന്നൊക്കെ യുഎസ് പ്രതികരിക്കുകയുമുണ്ടായി. എന്നാൽ ഇറാനിൽ അകപ്പെട്ട സൈനികനെ രക്ഷിക്കാൻ നടത്തിയ നീക്കങ്ങളേപ്പറ്റിയുള്ള റിപ്പോർട്ടുകൾ അതേപോലെ വിശ്വസിക്കാൻ തയ്യാറല്ലാത്തവരുമുണ്ട്. സത്യത്തിൽ ആ സൈനിക നടപടിയുടെ കാരണം വെറുമൊരു പുകമറ സൃഷ്ടിക്കലായിരുന്നുവെന്നാണ് ചില ഗൂഢാലോചന സിദ്ധാന്തക്കാരുടെ വാദം. വൈമാനികനെ രക്ഷിക്കാനെന്ന പേരിൽ യുഎസ് നടത്തിയ ദൗത്യം യഥാർത്ഥത്തിൽ ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം കടത്താനുള്ള രഹസ്യ നീക്കമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്തായാലും ഇവരുടെ വാദങ്ങൾ ഇപ്പോൾ യുഎസിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്. ഈ ഗൂഢാലോചന സിദ്ധാന്തങ്ങൾ ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന തരത്തിലേക്ക് വളർന്നിട്ടുമുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിലെ കോഗിലുയേ ബൊയേറാമദ് (Kohkilouyeh and Boyer-Ahmad) പ്രവിശ്യയിലെ മലനിരകളിലാണ് അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം ഇറാൻ സൈന്യമായ ഐആർജിസി വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ അന്നുതന്നെ രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാമത്തെ ജീവനക്കാരനായ വെപ്പൺസ് സിസ്റ്റംസ് ഓഫീസറെ (WSO) കണ്ടെത്താൻ 48 മണിക്കൂർ നീണ്ട വലിയ തിരച്ചിൽ വേണ്ടിവന്നു. ഈ രക്ഷാദൗത്യം യഥാർത്ഥത്തിൽ ഇറാന്റെ പക്കലുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം കടത്താനുള്ള ഒരു മറയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രധാന ആരോപണം. ഏകദേശം 440 മുതൽ 970 പൗണ്ട് വരെ യുറേനിയം ശേഖരം ഇസ്ഫഹാനിലെ ആണവനിലയത്തിൽ നിന്ന് കൈക്കലാക്കാനായിരുന്നു അമേരിക്കയുടെ ശ്രമമെന്ന് പ്രചരിക്കുന്ന വാദങ്ങളിൽ പറയുന്നു. വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികരെയും വൻതോതിലുള്ള സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ചത് അസ്വാഭാവികമാണെന്നാണ് ഇക്കാര്യത്തിൽ യുഎസിന്റെ നീക്കങ്ങളെ സംശയത്തോടെ കാണുന്നവർ പറയുന്നത്.ദൗത്യം പരാജയപ്പെട്ടതോടെ തെളിവുകൾ നശിപ്പിക്കാനായി അമേരിക്ക സ്വന്തം വിമാനങ്ങൾ തന്നെ ബോംബിട്ട് തകർക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. ഒരു സാധാരണ തിരച്ചിൽ ദൗത്യത്തിന് പകരം ഇത്രയും വലിയ സന്നാഹങ്ങൾ ഒരുക്കിയത് സംശയകരമാണെന്ന് ചിലർ നിരീക്ഷിക്കുന്നു. ഇതേസമയം തന്നെ അമേരിക്കൻ കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പെട്ടെന്ന് പദവിയിൽ നിന്ന് നീക്കിയതും ഈ വിവാദങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഇറാനിലെ യുറേനിയം പിടിച്ചെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ അദ്ദേഹം എതിർത്തതാണ് പുറത്താക്കാൻ കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിന് പെന്റഗൺ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.ആരോപണങ്ങൾക്ക് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നുമില്ലെങ്കിലും, വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും വിശദീകരണങ്ങളെ ലോകം സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
Source link

