പേടിച്ചാൽ ചിക്കൻ പോക്സ് വരുമോ? സംശയം തീർക്കാം

ചിക്കൻ പോക്സ് ഒരു വൈറസ് രോഗമാണ്. വാരിസെല്ല സോസ്റ്റർ വൈറസ് മൂലമാണ് ചിക്കൻ പോക്സ് പകരുന്നത്. പനി, ശരീരവേദന, ചൊറിച്ചിൽ, വെള്ളം നിറഞ്ഞ പുണ്ണുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ നമ്മുടെ ഗ്രാമങ്ങളിൽ ചിക്കൻ പോക്സുമായി ബന്ധപ്പെട്ട് ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടുതലും ചൂടുകാലത്താണ് ചിക്കൻ പോക്സ് പകരുന്നത്. ഈ സമയം ഉത്സവങ്ങളുടെ കാലമായതിനാൽ ചിലർ ദൈവത്തിന്റെ അനുഗ്രഹം, കോപം എന്നിവയുമായി ചിക്കൻപോക്സിനെ ബന്ധിപ്പിക്കാറുണ്ട്. അമിതമായി പേടിച്ചാൽ ചിക്കൻ പോക്സ് പകരുമെന്നും ഒരു വിശ്വാസമുണ്ട്.
രോഗം എളുപ്പത്തിൽ പകരുന്നതിനാൽ ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ചിക്കൻ പോക്സ് തടയാനുള്ള എളുപ്പമാർഗം വാരിസെല്ല വാക്സിൻ എടുക്കുകയാണ്. രോഗബാധിതരായ വ്യക്തികളിൽ നിന്നും അകലം പാലിക്കുകയും അവർ ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുകയും വേണം. രോഗിയുടെ തൊലിപ്പുറത്തെ കുമിളകൾ ഉണങ്ങുന്നതുവരെ മറ്റുള്ളവരുമായി സമ്പർക്കം പാടില്ല. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിധമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നിർജലീകരണം തടയുകയും ശരീരത്തിന് വൈറസിനെ ചെറുക്കാനുള്ള കരുത്ത് ലഭിക്കുകയും ചെയ്യും. രോഗി കിടക്കുന്ന മുറിയിൽ നല്ല വായു സഞ്ചാരമുണ്ടാകേണ്ടത് അത്യാവശ്യമാണ്. വസ്ത്രങ്ങൾ വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം വേണം ഉപയോഗിക്കാൻ.
മനസിൽ പേടിയുണ്ടെന്ന് കരുതി ചിക്കൻ പോക്സ് പകരില്ല. എന്നാൽ അമിതമായ പേടി ആരോഗ്യം മോശമാക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യാം. പ്രതിരോധശേഷി കുറഞ്ഞ വ്യക്തിയുടെ ശരീരത്തിലേക്ക് വൈറസ് പ്രവേശിച്ചാൽ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഇതു കാരണമാകാം പേടിച്ചാൽ ചിക്കൻ പോക്സ് പകരും എന്ന് പറയുന്നത്. മറ്റ് ശാസ്ത്രീയമായ അടിത്തറകളൊന്നും തന്നെ ഇത്തരം വിശ്വാസങ്ങൾക്ക് പിന്നിലില്ല.
Source link

