പിങ്ക് നിറത്തിലുള്ള ആനയുടെ മുകളിൽ പെൺകുട്ടി; വൈറലായി ചിത്രങ്ങൾ, തിരശീലയ്ക്ക് പിന്നിലെ കഥകളുമായി കലാകാരി

ജയ്പൂർ: സോഷ്യൽമീഡിയയിലിപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. വ്യത്യസ്തങ്ങളായ ലൊക്കേഷനുകളിലും പലതരത്തിലുള്ള ആശയങ്ങളിലും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. അത്തരത്തിലൊരു ഫോട്ടൂഷൂട്ടാണിപ്പോൾ ചർച്ചയാകുന്നത്. പിങ്ക് നിറത്തിലുള്ള ആനയുടെ മുകളിൽ ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളെച്ചൊല്ലിയാണ് ചർച്ചകൾ പൊടിപൊടിക്കുന്നത്. ധാരാളം പേർ ചിത്രങ്ങളെ പ്രശംസിക്കുന്നുണ്ടെങ്കിലും ആനയുടെ ശരീരത്തിൽ മുഴുവൻ പെയിന്റടിച്ചതിനെ വിമർശിച്ച് പലരും രംഗത്തെത്തി. യുവതി നടത്തിയത് അനിമൽ അബ്യൂസ് ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
വിദേശത്തുനിന്നുള്ള ആർട് ഫോട്ടോഗ്രാഫറായ ജൂലിയ ബുരുവേലയാണ് ചിത്രങ്ങളെടുത്തത്. ജയ്പൂരിലെ ഉപേക്ഷിക്കപ്പെട്ടൊരു ഗണപതിക്ഷേത്രത്തിനു മുന്നിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഗണപതിഭഗവാന്റെ മുഖവുമായി ആനയുടെ തലയോടുള്ള ബന്ധം കണക്കിലെടുത്താണ് ആനയെ ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തിയത്. ജയ്പൂരിൽ ആഴ്ചകളോളം ചെലവിട്ടതിനുശേഷമാണ് ഇത്തരത്തിലൊരു ആശയം ഉടലെടുത്തതെന്ന് ജൂലിയ പറയുന്നു. രാജസ്ഥാന്റെ പ്രധാന സാംസ്കാരിക ചിഹ്നമായി ആനകളെ വിശേഷിപ്പിച്ച ജൂലിയ തന്റെ ഫോട്ടോഷൂട്ടിലും അവയെ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി.
തിരശീലയ്ക്ക് പിന്നിലെ ദൃശ്യങ്ങളും ഇൻസ്റ്റഗ്രാമിലൂടെ ജൂലിയ പങ്കിട്ടു. ഫോട്ടോഷൂട്ടിനായി ഒന്നിലധികം സ്ഥലങ്ങൾ സന്ദർശിക്കേണ്ടി വന്നതിനെപ്പറ്റിയും അവിടങ്ങളിൽ അനുമതി, സഹകരണം തുടങ്ങിയവ ഉറപ്പാക്കുന്നതിനായി വേണ്ടിവന്ന തയ്യാറെടുപ്പുകളെപ്പറ്റിയും ജൂലിയ വിശദീകരിച്ചു.
‘അർദ്ധനഗ്നയായി വേഷം ധരിച്ച മോഡലിന്റെ ദേഹം മുഴുവൻ പിങ്ക് നിറത്തിലുള്ള പെയിന്റ് ചെയ്തു. അതേ നിറം ഉപയോഗിച്ച് തന്നെ ആനയുടെ ശരീരത്തിലും പെയിന്റ് ചെയ്തു. മോഡലിനെ ആനയുടെ മുകളിൽ കയറ്റിയാണ് ഫോട്ടോഷൂട്ട് നടത്തിയത്’- ജൂലിയ പറഞ്ഞു. പെയിന്റിംഗിനായി ജൈവനിറങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളെന്നും അത് ആനയ്ക്ക് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കില്ലെന്നും ജൂലിയ അഭിപ്രായപ്പെട്ടു.
‘ഞങ്ങൾ ജൈവനിറങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ഉത്സവങ്ങളിൽ നാട്ടുകാർ ഉപയോഗിക്കുന്നവിധമുള്ള നിറങ്ങളാണ് ഉപയോഗിച്ചത്. അതിനാൽ അത് മൃഗങ്ങൾക്ക് വളരെ സുരക്ഷിതമാണ്’- അവർ കൂട്ടിച്ചേർത്തു.
Source link


