LATEST

പാവയ്ക്ക കറിവച്ചത് ഇഷ്ടപ്പെട്ടില്ല, മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി

മുംബയ്: പാവയ്ക്ക കറിവച്ചത് ഇഷ്ടപ്പെടാത്ത യുവാവ് അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് അരുംകൊല നടന്നത്. സുമിത്ര പെത്കുലെ എന്ന അറുപത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജഗദീഷ് പെത്കുലെ എന്ന മുപ്പത്തേഴുകാരനെ പൊലീസ് അറസ്റ്റുചെയ്തു.

സംഭവം ഇങ്ങനെ:

സ്ഥിരം മദ്യപാനിയാണ് ജഗദീഷ്. ഇയാളുടെ ശല്യം സഹിക്കാനാവാതെ ഭാര്യ രണ്ടുമാസംമുമ്പ് അവരുടെ വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് അമ്മയോടൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന ജഗദീഷ് അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം ആഹാരത്തിനൊപ്പം സുമിത്ര പാവയ്ക്ക കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പി. ഇതിൽ കലികയറിയ ജഗദീഷ് അമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അല്പം കഴിഞ്ഞതോടെ വാക്കുതർക്കം കയ്യേറ്റത്തിലേക്ക് നീങ്ങുകയും ജഗദീഷ് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദനമേറ്റ സുമിത്ര തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൊലയ്ക്കുശേഷം വീടിനുപുറത്തേക്കുവന്ന ജഗദീഷ് താൻ അമ്മയെ കൊന്നെന്ന് അയൽവാസികളായ ചിലരോട് പറഞ്ഞെങ്കിലും മദ്യലഹരിയിൽ പറയുന്നതാണെന്ന് കരുതി അവർ കാര്യമാക്കിയില്ല. എന്നാൽ സംശയം തോന്നിയ ചിലർ നടത്തിയ പരിശോധനയിലാണ് സുമിത്രയുടെ മൃതദേഹം കണ്ടെത്തിയത്. അവർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.


Source link

Related Articles

Back to top button