test del 3

ടി.പി മത്സരിച്ച ‘ടെലിവിഷനിൽ’ വോട്ടുതേടി രമ ; ‘ജയറാന്തൽ’ തിരിയേന്താൻ ഭാസ്കരൻ; ടി.പി സ്മരണയിൽ വോട്ടെണ്ണലും


കോഴിക്കോട്∙ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മേയ് 4 വടകരയിൽ മത്സരിക്കുന്ന റവലൂഷനറി മാർക്സിസ്റ്റ് പാർട്ടിക്ക് (ആർഎംപി) ഒരൽപം വൈകാരികത നിറഞ്ഞ ദിനമാണ്. ആർഎംപിയുടെ എക്കാലത്തെയും വലിയ നേതാവ് ടി.പി.ചന്ദ്രശേഖരൻ 51 വെട്ടേറ്റ് കൊല്ലപ്പെട്ടതിന്റെ ഓർമദിനമാണ് അന്ന്. വോട്ടെണ്ണൽ ദിനവും ടി.പിയുടെ ഓർമദിനവും ഒന്നിച്ചെത്തുന്ന മേയ് നാലിന് ആർക്കൊപ്പമാണ് വടകര എന്നതിന്റെ വിധിയെഴുത്തും അറിയാം. ടി.പി.യുടെ രക്തസാക്ഷി ദിനം കൂടിയായ മേയ് 4 വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനമെമ്പാടുമുള്ള ടെലിവിഷനുകളിൽ കെ.കെ.രമ വീണ്ടും വിജയചിഹ്നം കാട്ടി ഉണ്ടാകുമെന്നാണ് ഇതിന് ആർഎംപി പ്രവർത്തകർ നൽകുന്ന മറുപടി. വടകരയിൽ ‘റാന്തൽ’ ചിഹ്നത്തിലാണ് ഇടതുസ്ഥാനാർഥി എം.കെ.ഭാസ്കരൻ മത്സരിക്കുന്നത്. മണിക്കൂറുകൾ മാത്രം അകലെ വോട്ടെടുപ്പ് നടക്കാനിരിക്കുമ്പോൾ വടകരയിൽ മാറ്റത്തിന്റെ ‘റാന്തൽ’ തെളിയുമെന്നാണ് ഭാസ്കരനൊപ്പമുളള ഇടതുമുന്നണി പ്രവർത്തകരുടെ പ്രതീക്ഷ.വടകര മുനിസിപ്പാലിറ്റി, അഴിയൂർ, ഏറാമല, ചോറോട്, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വടകര മണ്ഡലം. 2025 ലെ തദ്ദേശതിരഞ്ഞെടുപ്പിൽ ആർഎംപി–യുഡിഎഫ് മുന്നണി ഏറാമലയിലും ഒഞ്ചിയത്തും പഞ്ചായത്ത് ഭരണം നിലനിർത്തി. ജില്ലാ പഞ്ചായത്തിൽ അഴിയൂർ ഡിവിഷനിൽ നിന്ന് ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ വിജയിപ്പിക്കാനായത് ജനകീയ മുന്നണിക്ക് ആവേശം പകർന്നിട്ടുണ്ട്. വടകര മുനിസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ വിജയിപ്പിക്കാനും ജനകീയ മുന്നണിക്ക് സാധിച്ചു. വടകര ബ്ലോക്കിൽ രണ്ടിൽ നിന്ന് മൂന്ന് അംഗങ്ങളിലേക്കാണ് ആർഎംപി മുന്നണി ജയിച്ചുകയറിയത്. ഷാഫി പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തുവന്ന 2024 ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര നിയമസഭാ മണ്ഡലത്തിൽ മാത്രം 22,082 വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയത്. ഇടതിനും ഭരണത്തിനും എതിരായ വോട്ടുകൾ ജനകീയ മുന്നണിക്ക് ഇത്തവണയും കിട്ടുമെന്ന പ്രതീക്ഷയാണ് ജനകീയ മുന്നണി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ആർഎംപിയിലെ സിറ്റിങ് എംഎൽഎ കെ.കെ. രമ പങ്കുവയ്ക്കുന്നത്. അഞ്ചു വർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളും ഇത്തവണ ഭൂരിപക്ഷം ഉയർത്താൻ സഹായിക്കുമെന്നും രമ പറയുന്നു. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ശക്തമായ സ്വാധീനമുള്ള മുസ്‌ലിം ലീഗിലെ പ്രവർത്തകരും രമയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.


Source link

Back to top button