പാമ്പിൻ വിഷം ലഹരിവസ്തുവല്ല : സുപ്രീംകോടതി

ന്യൂഡൽഹി: നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്) പ്രകാരം പാമ്പിൻ വിഷം ലഹരിവസ്തുവല്ലെന്ന് സുപ്രീംകോടതി. നിശാപാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം എത്തിച്ചെന്ന് ആരോപിച്ച് യു ട്യൂബർ എൽവിഷ് യാദവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2023ൽ ഉത്തർപ്രദേശിലെ നോയിഡയിലായിരുന്നു നിശാപാർട്ടി. വന്യജീവി സംരക്ഷണ നിയമം പ്രയോഗിക്കണമെങ്കിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതി വേണം. ഈ കേസിൽ അതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സന്നദ്ധ സംഘടനയിലെ അംഗം സമർപ്പിച്ച പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കുകയാണെങ്കിലും എൽവിഷ് യാദവിന് ക്ലീൻചിറ്റ് നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് നടപടിക്രമങ്ങൾ പാലിച്ച് യുട്യൂബർക്കെതിരെ പരാതി നൽകാവുന്നതാണെന്നും ചൂണ്ടിക്കാട്ടി.
Source link



