LATEST

റഷ്യൻ എണ്ണ കപ്പലുകൾ ആക്രമിച്ച് യുക്രെയിൻ

മോസ്കോ: യുക്രെയിനിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എസിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നതിനിടെ, കരിങ്കടലിൽ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ യുക്രെയിൻ നാവിക സേനയുടെ ഡ്രോൺ ആക്രമണം. തുർക്കി തീരത്തിന് സമീപമായിരുന്നു സംഭവം. റഷ്യയുടെ ഷാഡോ ഫ്ലീറ്റ് ശൃംഖലയിൽപ്പെട്ട വിരാട്, കൈറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

പാശ്ചാത്യ ഉപരോധം മറികടക്കാനും എണ്ണ കൊണ്ടുപോകാനുമായി ഉപയോഗിക്കുന്ന റഷ്യയുടെ പഴയതും നിഗൂഢമായ ഉടമസ്ഥാവകാശം, പേര്, രജിസ്ട്രേഷൻ എന്നിവയോടെ പ്രവർത്തിക്കുന്നതുമായ രഹസ്യ കപ്പൽ ശൃംഖലയാണ് ഷാഡോ ഫ്ലീറ്റ്. ആക്രമണസമയം ഇരുകപ്പലുകളിലും എണ്ണ ഉണ്ടായിരുന്നില്ല. റഷ്യൻ തുറമുഖമായ നോവോറോസിസ്കിലേക്ക് നീങ്ങുകയായിരുന്നു ഇവ.

‘സീ ബേബി” എന്ന സമുദ്ര ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയിൻ നാവിക സേനയും ഇന്റലിജൻസ് ഏജൻസിയായ എസ്.ബി.യുവും സംയുക്തമായാണ് ആക്രമണം നടത്തിയത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൈറോസ് ആക്രമിക്കപ്പെട്ടതെന്ന് തുർക്കി അറിയിച്ചു.

വിരാട് വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ആക്രമിക്കപ്പെട്ടു. രണ്ട് കപ്പലുകളിൽ നിന്നും 45 ജീവനക്കാരെ തുർക്കി രക്ഷിച്ചു. തീനിയന്ത്രണ വിധേയമാക്കിയെന്നും അറിയിച്ചു. അതേസമയം, കപ്പലുകൾക്ക് ഗുരുതര കേടുപാട് സംഭവിച്ചെന്ന് യുക്രെയിൻ അവകാശപ്പെട്ടു. സംഭവത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 യുക്രെയിനിൽ 3 മരണം

ഇന്നലെ പുലർച്ചെ യുക്രെയിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കീവിലെ ഊർജ്ജ കേന്ദ്രങ്ങൾ തക‌ർക്കപ്പെട്ടതോടെ 6 ലക്ഷം ഉപഭോക്താക്കളിലേക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. 36 മിസൈലുകളും 600 ഡ്രോണുകളുമാണ് റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button