LATEST

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മരണം: അഭ്യൂഹങ്ങൾക്കിടെ റാവൽപിണ്ടിയിൽ നിരോധനാജ്ഞ, കൂട്ടംകൂടുന്നതിന് വിലക്ക്

ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനാൽ രാജ്യത്ത് കലാപം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് റാവൽപിണ്ടിയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇമ്രാൻ ഖാനെ കാണാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടി ആസൂത്രണം ചെയ്ത പ്രതിഷേധങ്ങൾക്ക് മുന്നോടിയായാണ് നടപടി.

ലോകകപ്പ് നേടിയ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്കപ്പെടുന്ന നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻഖാനെ പാർപ്പിച്ചിരിക്കുന്നത്. ഒരു മാസത്തിലേറെയായി അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചിട്ടില്ലെന്നാണ് അനുയായികൾ ആരോപിക്കുന്നത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുകൾ നൽകണമെന്ന് ജയിൽ അധികൃതരോട് കുടുംബം ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിക്കാനെത്തിയ സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നോറീൻ നിയാസി എന്നിവരെ അഡിയാല ജയിലിന് പുറത്തുവച്ച് പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തതും മർദിച്ചതും വലിയ സംഘർഷങ്ങൾക്ക് വഴിവച്ചിരുന്നു. ഇതോടെയാണ് ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ഊഹാപോഹങ്ങൾ ശക്തമാകുകയും പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ജയിലിലേക്ക് ഇരച്ചെത്തുകയും ചെയ്‌തത്.

സ‌ർക്കാർ ചില കാര്യങ്ങൾ മറയ്ക്കാനാണ് അദ്ദേഹത്തെ കാണാനുള്ള അനുമതി നിഷേധിക്കുന്നതെന്നാണ് തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം മാറ്റൊരിടത്തേക്ക് മാറ്റിയെന്നുമുള്ള വാർത്തകൾ അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയകളിൽ പരക്കേ പ്രചരിച്ചതോടെയാണ് പാകിസ്ഥാനിൽ കനത്ത പ്രക്ഷോഭം അരങ്ങേറുന്നത്.
TAGS: NEWS 360, WORLD, WORLD NEWS, IMMRAN KHAN, LATESTNEWS, PAKISTAN, CURFEW, WORLDNEWS


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button