പാക്-അഫ്ഗാൻ പോരാട്ടം; അമേരിക്കയെ മുട്ടുകുത്തിച്ച താലിബാൻ തന്ത്രം, സൈനിക കരുത്തിൽ മുന്നിലാര്? കണക്കുകൾ ഇങ്ങനെ

കാബൂൾ: യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ് ഏഷ്യയിലെ മറ്റൊരു തന്ത്രപ്രധാന അതിർത്തിയും. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തർക്കം ഏറെ നാളായി തുടരുകയാണെങ്കിലും ചരിത്രത്തിലാദ്യമായിട്ടാണ് ഇരുരാജ്യങ്ങളും ഒരു ‘തുറന്ന യുദ്ധത്തിലേക്ക്’ നീങ്ങുകയാണെന്ന പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന ലോകരാജ്യങ്ങളെപ്പോലും അമ്പരപ്പിച്ചത്. അത്യാധുനിക ആയുധബലമുള്ള പാകിസ്ഥാനും ഗറില്ലാ പോരാട്ടത്തിൽ കരുത്തരായ താലിബാനും നേർക്കുനേർ വരുമ്പോൾ ആരാണ് യഥാർത്ഥത്തിൽ മുൻതൂക്കമുള്ള സൈനിക ശക്തിയെന്ന് പരിശോധിക്കാം.
ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം സൈനികരുടെ എണ്ണത്തിൽ പാകിസ്ഥാൻ അഫ്ഗാനെക്കാൾ ഏറെ മുന്നിലാണ്. ലോകത്തെ കരുത്തുറ്റ സൈന്യങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് പാകിസ്ഥാൻ. ആകെ 6,60,000 സൈനികരുണ്ട്. ഇതിൽ 5,60,000 പേരും കരസേനയിലാണ്. ആഗോള റാങ്കിംഗിൽ 55-ാം സ്ഥാനമാണ് അഫ്ഗാനിലെ താലിബാൻ. ഏകദേശം 1,72,000 സജീവ സൈനികരാണ് താലിബാനിലുള്ളത്. വ്യോമനാവിക മേഖലകളിൽ അഫ്ഗാനിസ്ഥാന് പാകിസ്ഥാനുമായി യാതൊരു താരതമ്യവുമില്ല. 465 യുദ്ധവിമാനങ്ങളും 260ലധികം ഹെലികോപ്ടറുകളും പാക് വ്യോമസേനയ്ക്കുണ്ട്. ചൈനയിൽ നിന്നുള്ള ആധുനിക യുദ്ധവിമാനങ്ങളാണ് ഇവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാന് സ്വന്തമായി ഫൈറ്റർ ജെറ്റുകളോ ശക്തമായ വ്യോമസേനയോ ഇല്ല. സോവിയറ്റ് കാലഘട്ടത്തിലെ ചില വിമാനങ്ങളും ഏതാനും ഹെലികോപ്ടറുകളും ഉണ്ടെങ്കിലും, അതിൽ എത്രയെണ്ണം പറത്താൻ സാധിക്കുന്നതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. 6,000ലധികം കവചിത വാഹനങ്ങളും 4,600ഓളം പീരങ്കികളുമാണ് പാക് സൈന്യത്തിന് സ്വന്തമായുള്ളത്. യുഎസ് സൈന്യം ഉപേക്ഷിച്ചുപോയ ഹമ്മറുകളും സോവിയറ്റ് കാലത്തെ പീരങ്കികളുമാണ് താലിബാന്റെ പക്കലുള്ളത്. എന്നാൽ ഇവയുടെ അറ്റകുറ്റപ്പണികൾ താലിബാന് വലിയ വെല്ലുവിളിയാണ്. ഏകദേശം 170 ആണവ യുദ്ധമുനകളുള്ള ആണവശക്തിയാണ് പാകിസ്ഥാൻ. അഫ്ഗാനിസ്ഥാന് ആണവായുധങ്ങളില്ല.
സൈനിക ശക്തിയിൽ പാകിസ്ഥാൻ ബഹുദൂരം മുന്നിലാണെങ്കിലും, അഫ്ഗാനിസ്ഥാന് ചില പ്രത്യേക മേൽക്കോയ്മകളുണ്ട്. വർഷങ്ങളായി യുദ്ധം ചെയ്തു ശീലിച്ച താലിബാൻ സൈന്യം ഗറില്ലാ പോരാട്ടത്തിലാണ് ഏറ്റവും കൂടുതൽ മികവ് പുലർത്തുന്നത്. അതിർത്തിയിലെ മലനിരകളെക്കുറിച്ചുള്ള കൃത്യമായ അറിവ്, ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ആക്രമണം നടത്താൻ താലിബാനെ പ്രാപ്തരാക്കുന്നു. അതായത് ആയുധബലത്തിലും സാങ്കേതികവിദ്യയിലും പാകിസ്ഥാൻ മുന്നിലാണെങ്കിലും, അഫ്ഗാനിസ്ഥാന്റെ ഭൂപ്രകൃതിയും താലിബാന്റെ യുദ്ധതന്ത്രങ്ങളുമാണ് പാക്- അഫ്ഗാൻ പോരാട്ടത്തെ കൂടുതൽ സങ്കീർണമാക്കുന്നത്.
അമേരിക്കയെപ്പോലുള്ള വൻശക്തികളെപ്പോലും വർഷങ്ങളോളം മുൾമുനയിൽ നിർത്തിയ താലിബാന്റെ പ്രതിരോധ തന്ത്രങ്ങളെ പാകിസ്ഥാന് അത്ര എളുപ്പത്തിൽ മറികടക്കാനാവില്ല. അതിർത്തിയിലെ ദുർഘടമായ മലനിരകളെയും വർഷങ്ങളായുള്ള യുദ്ധപരിചയവും താലിബാന്റെ പക്കലുള്ള ‘അദൃശ്യ ആയുധങ്ങളാണ്’. അതിനാൽ ആയുധബലം കൊണ്ട് മാത്രം ജയിക്കാവുന്ന ഒന്നല്ല അഫ്ഗാനെതിരെയുള്ള പാക് പോരാട്ടം. വരും ദിവസങ്ങളിൽ നയതന്ത്ര ചർച്ചകളിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ ഈ മേഖല വലിയൊരു സ്ഫോടനാത്മക സാഹചര്യത്തിലേക്ക് നീങ്ങിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Source link

