LATEST

പാക്-അഫ്‌ഗാൻ  തുറന്ന യുദ്ധം പാക് എഫ് -16 വെടിവച്ചിട്ടെന്ന് താലിബാൻ  274 പേരെ വധിച്ചെന്ന് പാകിസ്ഥാൻ  കാബൂളിലടക്കം ബോംബ് വർഷം  പാകിസ്ഥാനിലേക്ക് ഡ്രോണാക്രമണം

കറാച്ചി: അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്റെ സൈനിക ആക്രമണം. കാബൂൾ, കാണ്ഡഹാർ, പക്തിക തുടങ്ങി 22 കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചു. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ ഓഫീസുകൾ തകർത്തു.

274 താലിബാൻ അംഗങ്ങളെയും തീവ്രവാദികളെയും വധിച്ചെന്നും 27 സൈനിക പോസ്റ്റുകളും ആയുധ ശാലകളും തകർത്തെന്നും പാകിസ്ഥാന്റെ അവകാശവാദം.

എന്നാൽ, പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും അവരുടെ സൈനിക കേന്ദ്രങ്ങളിലും ഡ്രോൺ ആക്രമണം നടത്തിയെന്നും പാക് എഫ് -16 യുദ്ധവിമാനം വെടിവച്ചിട്ടെന്നും താലിബാൻ പറഞ്ഞു.

അബോട്ടാബാദ്, സ്വാബി, നൗഷേര എന്നിവിടങ്ങളിലേക്കെത്തിയ ചെറു ഡ്രോണുകളെ തകർത്തെന്നും ആളപായമില്ലെന്നും പാക് ഇൻഫർമേഷൻ മന്ത്രി അട്ടാ തരാർ പ്രതികരിച്ചു.

അഫ്ഗാനിൽ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടെ ഈ മാസം 21ന് പാക് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടതാണ് യുദ്ധമായി മാറിയത്. 26ന് രാത്രി പാക് അതിർത്തി പോസ്റ്റുകളെ അഫ്ഗാൻ ആക്രമിച്ചു. 55 പാക് സൈനികരെ വധിച്ചെന്നും 19 സൈനിക പോസ്റ്റുകളും രണ്ടു ബേസുകളും പിടിച്ചെടുത്തെന്നും അഫ്ഗാൻ അവകാശപ്പെട്ടു.

നേരം പുലരുംമുമ്പ് ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് ” (റാത്ത് ഫോർ ദ ട്രൂത്ത്) എന്ന പേരിൽ പാകിസ്ഥാൻ പ്രത്യാക്രമണം തുടങ്ങുകയായിരുന്നു. തോർഖാം ബോർഡർ ക്രോസിംഗിൽ അടക്കം ശക്തമായ വെടിവയ്പും ഷെല്ലിംഗും ഉണ്ടായി. തോർഖാമിന് സമീപം പാക് ഷെല്ലാക്രമണത്തിൽ അഭയാർത്ഥി ക്യാമ്പ് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു.

വെടിനിറുത്തലിന്

സൗദി ഇടപെടൽ

അടിയന്തര വെടിനിറുത്തലിന് സൗദി അറേബ്യയും തുർക്കിയും ഖത്തറും ശ്രമം തുടങ്ങി. ചർച്ചയ്ക്ക് തയ്യാറാണെന്ന് താലിബാൻ അറിയിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന, റഷ്യ, ​ ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഒക്ടോബറിൽ

തുടങ്ങിയ സംഘർഷം

1 ഒക്ടോബർ 9ന് കാബൂളിൽ പാകിസ്ഥാൻ ബോംബിട്ടതോടെ സംഘർഷങ്ങൾക്ക് തുടക്കം. അതിർത്തി ഏറ്റുമുട്ടലുകളിൽ ഇരുരാജ്യങ്ങളിലും നിരവധി മരണം

2 നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയായ തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ പോലുള്ള ഗ്രൂപ്പുകൾക്ക് അഫ്ഗാൻ അഭയം നൽകുന്നെന്ന് പാകിസ്ഥാൻ. വാദം താലിബാൻ തള്ളി

3 ഒക്ടോബർ 19ന് ഖത്തർ ഇടപെട്ട് വെടിനിറുത്തൽ നടപ്പാക്കിയെങ്കിലും ലംഘിച്ചു. ഫെബ്രുവരി 6ന് ഇസ്ലാമാബാദിലെ പള്ളിയിൽ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 21ന് അഫ്ഗാനിലെ പാക് വ്യോമാക്രമണത്തിൽ 18 മരണം

ഞങ്ങളുടെ ക്ഷമയുടെ പരിധി കടന്നു. ഇനി തുറന്ന യുദ്ധം

– ഖ്വാജ ആസിഫ്,

പ്രതിരോധ മന്ത്രി, പാകിസ്ഥാൻ


Source link

Related Articles

Back to top button