പശ്ചിമേഷ്യൻ സംഘർഷം; ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കെ ഗൾഫ് രാജ്യങ്ങളിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ ഇതുസംന്ധിച്ച് വ്യക്തതവരുത്തുന്നുണ്ട്. മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നടത്താൻ നിശ്ചയിച്ച പ്ലസ് ടു പരീക്ഷ റദ്ദാക്കിയെന്നും മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.പരീക്ഷാഫലം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സിബിഎസ്ഇ പിന്നീട് അറിയിക്കും. സ്കൂളിൽനിന്നും നൽകുന്ന ഇന്റേണൽ മാർക്കുകൾ, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാർക്കുകൾ, വിദ്യാർത്ഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താവും ഫലം നിർണയിക്കുക.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലകളിലെ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവച്ചതായി മാർച്ച് മൂന്നിന് സിബിഎസ്ഇ അറിയിച്ചിരുന്നു. പത്താം ക്ലാസിലെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പിന്നീട് റദ്ദാക്കി. പിന്നാലെയാണ് ഇപ്പോൾ പ്ലസ് ടു പരീക്ഷയും റദ്ദാക്കിയിരിക്കുന്നത്. ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നത്.
Source link


