പറയാൻ ഒരു ഹിറ്റില്ല, ആസ്തി 200 കോടിക്ക് മുകളിൽ; അമ്മയുടെ പിറന്നാളിന് നടി മുറിച്ചത് 24 കാരറ്റ് സ്വർണക്കേക്ക്

വിവാദ പ്രസ്താവനകൊണ്ടും അഡംബര ജീവിതശൈലികൊണ്ടും എന്നും ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന താരമാണ് നടി ഉർവ്വശി റൗട്ടേല. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ ചില ജീവിതശൈലികൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. അമ്മ മീര റൗട്ടേലയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായത്. 24 കാരറ്റ് സ്വർണത്തിന്റെ മൂന്ന് തട്ടിലുള്ള കേക്കാണ് താരം അമ്മയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആരാധകരടക്കമുള്ളവർ ഞെട്ടി.
ഗോൾഡൻ നിറത്തിലുള്ള ഗൗണിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. സമീപത്ത് അമ്മയും മൂന്ന് തട്ടിലുള്ള സ്വർണക്കേക്കുമുണ്ട്. കേക്കിന് മുകളിൽ ‘ഹാപ്പി മം’ എന്നും എഴുതിയിട്ടുണ്ട്. ‘അമ്മയുടെ പിറന്നാൾ ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലിൽ വച്ച് ആഘോഷിച്ചു. 24 കാരറ്റ് സ്വർണം പൂശിയ ഗോൾഡൻ കേക്കാണ് അമ്മ പിറന്നാൾ ആഘോഷത്തിൽ മുറിച്ചത്’- ഉർവ്വശി റൗട്ടേല ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇതാദ്യമായല്ല ഉർവ്വശി പിറന്നാൾ ആഘോഷത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്നത്. 2024ൽ തന്റെ പിറന്നാൾ ദിനത്തിലും ഉർവ്വശി 24 കാരറ്റ് സ്വർണക്കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഈ കേക്ക് റാപ്പർ ഗായകൻ ഹണി സിംഗ് സമ്മാനിച്ചതാണെന്നും വിവരമുണ്ട്. സൗന്ദര്യ മത്സരങ്ങൾ, മിസ് ദിവ, മിസ് യൂണിവേഴ്സ് ഇന്ത്യ 2015 പട്ടങ്ങൾ സ്വന്തമാക്കിയാണ് ഉർവശി ശ്രദ്ധേയയാവുന്നത്. 2015ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത് ഉർവശിയാണ്.
സിനിമയിൽ വിജയങ്ങളെക്കാളേറെ പരാജയങ്ങൾ നുകർന്ന നടിയാണ് ഉർവശി. എന്നാൽ സോഷ്യൽ മീഡിയയിലും മാദ്ധ്യമലോകത്തും വളരെ സജീവമാണ്. അതിനാൽ തന്നെ വരുമാനത്തിനായി സിനിമയെ പൂർണമായും ആശ്രയിക്കേണ്ട കാര്യം തന്നെയില്ല. പറയാൻ ഒരു ഹിറ്റ് പോലുമില്ലാത്ത നടിയുടെ സ്വത്തുക്കൾ 200 കോടി കടക്കുമെന്നാണ് വിവരം. ചില തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചതുകൊണ്ടാണ് അവർ സിനിമാ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്.
Source link



