LATEST

പറഞ്ഞ കാര്യങ്ങൾ കറക്ടായി ചെയ്തുതരുന്ന മന്ത്രിയാണ് ഗണേശേട്ടൻ ; ബസിൽ പുരുഷന്മാർക്കും സീറ്റ് സംവരണം വേണമെന്ന് നടി പ്രിയങ്ക

കെ എസ് ആർ ടി സി ബസിൽ പുരുഷന്മാർക്ക് സീറ്റ് സംവരണം വേണമെന്ന് നടി പ്രിയങ്ക അനൂപ്. ഓൾ കേരള മെൻസ് അസോസിയേഷൻ നടത്തിയ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഇന്ന് വരെ ഒരു പുരുഷനെയും ഒരു സ്ത്രീയും പിന്തുണയ്ക്കുന്നത് താൻ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.


‘വനിതാ ദിനമെന്ന് പറഞ്ഞ് ഒരുപാട് ആഘോഷിക്കുന്നത് നിങ്ങൾ കണ്ടുകാണും. പുരുഷ ദിനം എവിടെ ആഘോഷിക്കുന്നത് നിങ്ങൾ കണ്ടു? എന്താ നിങ്ങൾ ഇതിന് മുൻകൈ എടുക്കാത്തത്. ഇതുപോലൊരു സംഘടന വരുമ്പോൾ നിങ്ങൾക്ക് അതിനൊക്കെ മുൻകൈ എടുക്കാനാകും. ഞാൻ വൈറലാകാൻ വേണ്ടി പറയുന്നതല്ല.


ഈ പറയുന്ന കാര്യങ്ങൾ സത്യസന്ധമായിട്ടാണ്. ഒരു കുടുംബത്തിൽ നടക്കുന്നത് അറിഞ്ഞ്, എന്താണ് തെറ്റെന്ന് മനസിലാക്കിയാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങൾക്കാരുമില്ല. ഞാനിത്രയും നാളായി ജനിച്ചിട്ട്, ഇന്നുവരെ ഒരു പുരുഷനെ ഒരു സ്ത്രീ സപ്പോർട്ട് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എന്റെ കുടുംബത്തിലും പുരുഷന്മാരുണ്ട്. അച്ഛനുണ്ട്, മോനുണ്ട്, ഭർത്താവുണ്ട്. ഇതൊക്കെ പുരുഷന്മാരല്ലേ. എന്തെങ്കിലും പ്രശ്നം വരുമ്പോൾ പുരുഷനാണ് തെറ്റുകാരൻ. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്ത പുരുഷന്മാർ വേദന തിന്നുന്നുണ്ട്. കുടിയന്മാരാകുന്നുണ്ട്. അവരുടെ ജീവിതം മൊത്തത്തിൽ പോകുന്നുണ്ട്.


എന്താണ് ഈ ഫെമിനിസം. എന്ത് പ്രവൃത്തി ചെയ്യുന്നുണ്ടെങ്കിലും ആലോചിച്ച്, കാര്യങ്ങൾ മനസിലാക്കി മുന്നോട്ടുപോകണം. അല്ലാതെ എന്തെങ്കിലും വരുമ്പോഴേക്ക് എടുത്തുചാടി പുരുഷന്മാരുടെ തലയിലേക്ക് വയ്ക്കുകയല്ല വേണ്ടത്. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ അവകാശമുണ്ട്. സ്‌ത്രീയൊരു ബസിൽ കയറിക്കഴിയുമ്പോൾ പാവം പുരുഷൻ മാറി നിൽക്കണോ.


ഗർഭിണിയും പ്രായമായവരുമൊക്കെ വരുമ്പോൾ നമ്മൾ മാറിക്കൊടുക്കും. പക്ഷേ പുരുഷന്മാർക്കും ചോദിക്കാനും പറയാനും അവകാശമുണ്ട്. പിന്നെ ഒരു കാര്യം, ഗണേശേട്ടൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഗണേശ് കുമാർ മന്ത്രിയായിരിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്തുതരുമെന്ന് ഉറപ്പാണ്. കാരണം പറഞ്ഞ കാര്യങ്ങൾ കറക്ടായി ചെയ്തുതരുന്ന മന്ത്രിയാണ് ഗണേശ് കുമാർ. ഈ കാര്യങ്ങളൊക്കെ ശ്രദ്ധയിൽപ്പെടുത്തണം. ഏതറ്റംവരെ പോകാനും ഏത് സമയത്ത് വിളിച്ചാലും ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും. എനിക്കത്രയേ പറയാനുള്ളൂ.’- പ്രിയങ്ക അനൂപ് പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button