‘പരിശീലകന്റെ പിഴവ്’, ഗൗതം ഗംഭീറിന് ചുവപ്പ് കാർഡ്; സമയമെടുത്ത് കാര്യങ്ങൾ വിലയിരുത്തണം

മുംബയ്: ക്രിക്കറ്റ് ആരാധകരുടെയും മുൻ താരങ്ങളുടെയും പൊള്ളുന്ന വിമർശനങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് ഗംഭീറിനെതിരെ ചോദ്യ ശരങ്ങൾ ഉയരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.
പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് 124 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ പരാജയപ്പെട്ട ഇന്ത്യ, രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. നാട്ടിൽ കളിച്ച ടെസ്റ്റ് ഫോർമാറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്.
തോൽവിയുടെ കാരണം കോച്ചിന്റെ തീരുമാനങ്ങളിലാണെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ ഒരു നിരീക്ഷണം നടത്തിയിരുന്നു. ‘ഇവിടെ കോച്ചിന്റെ ഭാഗത്താണ് തെറ്റ്. ബാറ്റർമാരും ബൗളർമാരും അവരുടെ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, നമ്മൾ കളിക്കുന്നത് ശരിയായ പ്ലെയിംഗ് ഇലവനിലാണോ? ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഇത്രയധികം ഓൾറൗണ്ടർമാർ ആവശ്യമുണ്ടോ? ടെസ്റ്റ് ക്രിക്കറ്റ് സ്പെഷ്യലിസ്റ്റുകളുടെ കളിയാണ്.
ആറ് ബാറ്റർമാർ, മികച്ച വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ (40-ൽ അധികം ശരാശരിയുള്ള), നാല് ബൗളർമാർ, ഒരു ഓൾറൗണ്ടർ എന്നതാണ് അനുയോജ്യമായ ടീം.’ പട്ടേൽ പറയുന്നു. ‘കൂടുതൽ ഓൾറൗണ്ടർമാരെ കുത്തിതിരുകുമ്പോൾ മികച്ച ബാറ്റ്‌സ്മാനോ ബൗളറോ പുറത്തിരിക്കുന്നതിനെക്കുറിച്ചും പാർഥിവ് പട്ടേൽ സ്റ്റാർ സ്പോർട്‌സിനോട് സംസാരിക്കവേ വിമർശിച്ചു.
അതേസമയം ടീമിന്റെ സ്ഥിരതയില്ലായ്മയിൽ മുൻ ഇതിഹാസതാരം അനിൽ കുംബ്ലെയും ഇന്ത്യൻ ടീമിന്റെ കീഴടങ്ങലിൽ നിരാശ രേഖപ്പെടുത്തി. 25 വർഷത്തിനിടെ ഹോം ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെടുന്നത് ഇതാദ്യമാണെന്നും ജിയോ സ്റ്റാർ ക്രിക്കറ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘പ്ലെയിംഗ് ഇലവനിൽ വരുത്തുന്ന നിരന്തരമായ മാറ്റങ്ങൾ, ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങൾ, തുടർച്ചയായുള്ള റൊട്ടേഷനുകൾ എന്നിവ ടീമിന്റെ സ്ഥിരതയെ ഇല്ലാതാക്കുന്നു. പരിക്കുകളും ഫോമില്ലായ്മയും മനസിലാക്കാം, എന്നാൽ ഇന്ത്യ സമയമെടുത്ത് ചില കാര്യങ്ങൾ വിലയിരുത്തണം,’- കുംബ്ലെ അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമറിന്റെയും ഓൾറൗണ്ടർ മാർക്കോ യാൻസണിന്റെയും മികച്ച പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് 2-0ത്തിന് പരമ്പര വിജയം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് 0-3ന് തോറ്റതിന് പിന്നാലെ ഗംഭീറിന്റെ കീഴിൽ ഇന്ത്യക്ക് നേരിടുന്ന രണ്ടാമത്തെ പരമ്പര വൈറ്റ് വാഷാണിത്. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാദ്ധ്യതകൾക്കും മങ്ങലേറ്റു. 2026 ഓഗസ്റ്റിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.
Source link

