test del 3
പരാജയഭീതിയിൽ സിപിഎം നടത്തുന്ന അക്രമം ഉടനടി അവസാനിപ്പിക്കണം: കെ.സുധാകരൻ എംപി

കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പരാജയഭീതിയിൽ വിറങ്ങലിച്ച സിപിഎം ജില്ലയിലുടനീളം അഴിച്ചുവിടുന്ന അക്രമ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എംപി. കോൺഗ്രസ് പ്രവർത്തകരെയും യുഡിഎഫ് അനുഭാവികളെയും ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പര ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. വീടുകളിൽ കയറി മർദനം, കുടുംബങ്ങളെ ഭീഷണിപ്പെടുത്തൽ, പാർട്ടി ഓഫിസുകൾ തകർക്കൽ ഇവയെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ യഥാർഥ മുഖം തുറന്നുകാട്ടുകയാണ്. കോൺഗ്രസ് ഓഫിസുകളും ലീഗ് ഓഫിസുകളും വ്യാപകമായി ജില്ലയിൽ ഉടനീളം തകർക്കപ്പെടുന്നത് അതീവ ഗുരുതരമാണ്. ഇത് ആശയ പോരാട്ടമല്ല, സംഘടിത ഗുണ്ടായിസത്തിന്റെ തുറന്ന പ്രകടനമാണ്.ഭീഷണിയും അക്രമവും കൊണ്ട് യുഡിഎഫ് പ്രവർത്തകരെ നിശബ്ദരാക്കാമെന്ന് സിപിഎം കരുതേണ്ട. സ്ഥാനാർഥിയുടെ വോട്ടഭ്യർഥന എഴുതിയ മതിൽ പോലും സഹിക്കാൻ കഴിയാതെ തകർക്കാൻ ഇറങ്ങുന്ന സിപിഎമ്മിന്റെ നടപടി അവരുടെ സാംസ്കാരിക ശൂന്യതയുടെയും രാഷ്ട്രീയ ദാരിദ്ര്യത്തിന്റെയും നഗ്നമായ പ്രകടനമാണ്. ജനാധിപത്യത്തിൽ ആശയങ്ങൾ തമ്മിലാണ് പോരാട്ടം. അല്ലാതെ മതിലുകൾ തകർത്തല്ല പോരാടേണ്ടത്. ആശയപരമായ നിലപാടില്ലാതെ ജനപിന്തുണ നഷ്ടപ്പെട്ടപ്പോൾ, സിപിഎം ആക്രമണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഒരു മതിൽ എഴുത്തിനെ പോലും ഭയപ്പെടുന്ന അവസ്ഥയിൽ അവർ എത്തിയിരിക്കുകയാണ് .അക്രമം തടയുന്നതിനോ കുറ്റക്കാരെ പിടികൂടുന്നതിനോ വേണ്ട ത്വരിത നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഇല്ലാത്തത് ഗുരുതരമായ വീഴ്ചയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സേന തന്നെ കാഴ്ചക്കാരായി മാറിയാൽ പ്രതിരോധത്തിന് വേണ്ടി നിയമം കയ്യിലെടുക്കേണ്ടി വന്നാൽ പ്രവർത്തകരെ കുറ്റപ്പെടുത്താനാവില്ലയെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു.
Source link


