പയ്യന്നൂരിൽ വീടാക്രമിച്ചു; കാർ കത്തിച്ചു

പയ്യന്നൂർ: പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണനെ പിന്തുണച്ച സി.പി.എം. അംഗത്തിന്റെ വീടിനും കാറിനും നേരെ ആക്രമണം. എ.കെ.ജി ഭവൻ സി.പി.എം ബ്രാഞ്ച് അംഗവും മത്സ്യ കർഷകനും അക്വാകൾച്ചർ ഡവലപ്പ്‌മെന്റ് കോപറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്) ചെയർമാനും കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ജലകർഷകൻ മാസികയുടെ എഡിറ്ററുമായ മാവിച്ചേരി ആസാദ് ഭവനിലെ ടി.പുരുഷോത്തമന്റെ വീടാണ് ആക്രമിച്ചത്. വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും മുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.വീടിന്റെ രണ്ടു ഭാഗങ്ങളിലെയും എട്ട് പാളി ജനലുകളും കാറിന്റെ ഗ്ലാസുകളും തകർത്ത അക്രമികൾ കാറിന് തീയിടുകയായിരുന്നു .വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അക്രമം നടന്നത്. പോർച്ചിലുണ്ടായിരുന്ന കാറിന്റെ ഗ്ലാസുകൾ അടിച്ച് തകർക്കുകയും അക്രമികൾ കൊണ്ടുവന്ന ഇന്ധനമൊഴിച്ച് കാറിന്റെ പിൻ ഭാഗത്തെ ടയറിനോട് ചേർന്ന് തീയിടുകയും ചെയ്തു. വീട്ടുകാർ വാട്ടർ പൈപ്പു ഉപയോഗിച്ച് തീയണക്കുകയായിരുന്നു.യു.ഡി.എഫ്. പിന്തുണയോടെ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് അനുകൂലമായ നിലപാട് പുരുഷോത്തമൻ സ്വീകരിക്കുന്നതായി സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും പ്രചാരണമുണ്ടായിരുന്നു. സി.പി.എം. പുറത്താക്കിയ ശേഷംഗാന്ധിപാർക്കിൽ നടന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ സജീവമായി പുരുഷോത്തമൻ പങ്കെടുത്തിരുന്നു.
Source link


