LATEST

പദ്ധതികളില്ലാത്തിടത്ത് പേരുമാറ്റത്തിന് പ്രസക്തിയെന്തെന്ന് ശശിതരൂർ; ആശങ്കപ്പെടേണ്ടെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിനുപകരം ‘കേരളം’ എന്നാക്കിയ സർക്കാർ നടപടിയെ വിമർശിച്ച് ശശിതരൂർ എംപി. സംസ്ഥാനത്തിന് ആവശ്യമുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാതെ പുനർനാമകരണത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തരൂർ ആരോപിച്ചു. ഇംഗ്ലീഷിൽ കേരള എന്നെഴുതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഇപ്പോൾ തന്നെ കേരളം എന്നാണ് വരുന്നതെന്നും ഈ സാഹചര്യത്തിൽ പുനർനാമകരണം കൊണ്ട് എന്ത് വ്യത്യാസമാണുണ്ടാക്കുന്നതെന്നും ശശിതരൂർ ചോദിച്ചു.

‘കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് പുതിയ പദ്ധതികളോ എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളോ നൽകിയിട്ടില്ല. പേരുമാറ്റം മാത്രമാണ് ഇപ്പോൾ ലഭിച്ചത്’- തരൂർ പറഞ്ഞു.

പേരുമാറ്റം കാരണം ‘കേരളൈറ്റ്’ പോലുള്ള ഇംഗ്ലീഷ് പ്രയോഗങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് തരൂർ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ‘കേരളാമൈറ്റ്’ ഒരു സൂക്ഷ്‌മജീവിയെ പോലെയും ‘കേരളാമിയൻ’ ഒരു അപൂർവധാതുവിനെപ്പോലെയും തോന്നുന്നുവെന്നാണ് അദ്ദേഹം എക്‌സ് പോസ്റ്റിൽ കുറിച്ചത്.

എന്നാൽ, തരൂരിന് മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. പേരുമാറ്റം കേരളത്തിന് ഒരു വ്യക്തിത്വപ്രശ്‌നവും ഉണ്ടാക്കില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

‘ആന്ധ്രാക്കാരെ തെലുങ്കരെന്നും തമിഴ്‌നാട്ടുകാരെ തമിഴരെന്നും ബംഗാളുകാരെ ബംഗാളികളെന്നും വിളിച്ചുവരുന്നുണ്ട്. അവർ ആരും ആശങ്കപ്പെട്ട് തെലുങ്കൈറ്റ് എന്നൊരു പദം ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് കേരളം എന്ന വാക്ക് പുതിയ പദങ്ങൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ താങ്കൾക്ക് അതാവാം. മറ്റുള്ള മലയാളികൾ പതിറ്റാണ്ടുകളായി തുടരുന്ന മലയാളി, മല്ലു എന്നിവ തുടർന്നുകൊള്ളാം’- ബ്രിട്ടാസ് പറഞ്ഞു.


Source link

Related Articles

Back to top button