LATEST

പത്മകുമാറിന് വീണ്ടും തിരിച്ചടി; ശബരിമലയിലെ ദ്വാരപാലക ശില്പപ്പാളി കേസിലും പ്രതി ചേർത്തു, റിപ്പോർട്ട് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്​റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ദ്വാരപാലക ശില്പപ്പാളി കേസിൽ കൂടി പ്രതി ചേർത്തു. പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. ആദ്യം കട്ടിളപ്പാളി കടത്തിയ കേസിലായിരുന്നു പത്മകുമാറിനെ പ്രതി ചേർത്തിരുന്നത്. ഇന്ന് പത്മകുമാറിനെ റിമാൻഡ് കാലാവധി ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.

കഴിഞ്ഞ മാസം 20നാണ് സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ് പത്മകുമാർ. ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെഎസ്‌ ബൈജു, മുൻ ദേവസ്വം കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന എൻ വാസു എന്നിവരാണ് പത്മകുമാറിനെ കൂടാതെ അറസ്റ്റിലായവർ.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ ദേവസ്വം ബോർഡിൽ ആദ്യം നിർദേശംവച്ചത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്ന് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിൽ സർവസ്വാതന്ത്ര്യവും നൽകിയത് പത്മകുമാറാണെന്നും തെളിഞ്ഞതാണ്. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ.

അതേസമയം, സ്വർണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button