LATEST

നൽകിയത് 21 കിലോഗ്രാം ഭാരമുള്ള സ്വർണ ഇഷ്ടികകൾ; പ്രമുഖ നഗരത്തിനുവേണ്ടി യുവാവ് ചെയ്തത്

ടോക്കിയോ: ജപ്പാനിലെ ഒസാക്ക നഗരത്തിലെ പഴയ ജലവിതരണ സംവിധാനം നന്നാക്കുന്നതിനായി യുവാവ് സംഭാവന ചെയ്തത് 21 കിലോഗ്രാം സ്വർണ ഇഷ്ടികകൾ. 566 ദശലക്ഷം യെൻ (ഏകദേശം 33 കോടി രൂപ ) വിലമതിപ്പുള്ള സ്വർണമാണ് സംഭാവന നൽകിയത്. ഇത് ചെയ്തയാളുടെ പേരും മ​റ്റുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഒസാക്ക മുൻസിപ്പൽ വാട്ടർ വർക്ക്സ് ബ്യൂറോയാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്.

നഗരത്തിലെ മേയർ ഹിഡെയുകി യോകോയാമ മാദ്ധ്യമപ്രവർത്തകരോടും ഇക്കാര്യം പറഞ്ഞതോടെ സോഷ്യൽമീഡിയയിലും കൗതുകമേറെയായി. നഗരത്തിലെ ജലവിതരണം നന്നാക്കാൻ ഒരു പൗരൻ ഇത്രയധികം സംഭാവന നൽകിയത് വിശ്വാസിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ജലവിതരണ സംവിധാനം നന്നാക്കാൻ ഏകദേശം രണ്ടര ലക്ഷം രൂപ സംഭാവനയായി ലഭിച്ച കാര്യവും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിലാണ് ഈ സ്വർണ ഇഷ്ടികകൾ സംഭാവന ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭാവന ചെയ്ത സ്വർണം വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് ഏകദേശം രണ്ട് കിലോമീറ്റർ നീളമുള്ള പഴയ ജല പൈപ്പ്‌ലൈനുകൾ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നും ഒസാക്ക അധികൃതർ പറഞ്ഞു.

ജപ്പാനിലെ മൂന്നാമത്തെ വലിയ നഗരമായ ഒസാക്കയിൽ ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് വസിക്കുന്നത്. പഴയജലവിതരണ സംവിധാനങ്ങളിലെ തകരാറുകൾ ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്താറുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ നഗരത്തിലുടനീളം ഏകദേശം 90 ഭൂഗർഭജല പൈപ്പ്‌ലൈനുകളിൽ ചോർച്ച കണ്ടെത്തിയിരുന്നു. ബഡ്ജ​റ്റ് പരിമിതികളും വർദ്ധിച്ചുവരുന്ന മ​റ്റുചെലവുകളും കാരണം ഇവയുടെ അ​റ്റക്കു​റ്റപണികൾ കൃത്യമായി നടത്താൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ജപ്പാൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ 7.4 ലക്ഷം കിലോമീ​റ്റർ ജലപൈപ്പ്‌ലൈനുകളിൽ 20 ശതമാനത്തിലധികം 40 വർഷം പഴക്കമുള്ളതാണ്. 2042 ആകുമ്പോഴേയ്ക്കും ഈ കണക്ക് 70 ശതമാനമാകും. പല നഗരങ്ങളിലും പണത്തിന്റെ അഭാവം മൂലമാണ് അ​റ്റക്കു​റ്റപ്പണികൾ മന്ദഗതിയിലാകുകയാണ്.


Source link

Related Articles

Back to top button