LATEST

നെടുമങ്ങാട്ടെ നവജാതശിശുവിന്റെ മരണം; ഡോക്ടർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായെന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ അന്വേഷണ സമിതിയുടെതാണ് കണ്ടെത്തൽ.

സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. നേരത്തെ ഡോക്‌ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് സ്ഥലംമാറ്റിയിരുന്നു. ഡോക്‌ടർക്കെതിരെ മുൻപും ചികിത്സാപ്പിഴവ് സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബിന്ദുവിന് കൈക്കൂലി നൽകിയതായി കുഞ്ഞിന്റെ പിതാവ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ നടപടിയിലേയ്ക്ക് ആരോഗ്യവകുപ്പ് കടന്നത്.

കുഞ്ഞ് മരിച്ചതിൽ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്​റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. സിസേറിയനുപിന്നാലെ വിതുര മണലി ആദിവാസി ഊരിലെ രഞ്ജന കൃഷ്ണയുടെ പെൺകുഞ്ഞാണ് ഫെബ്രുവരി 17ന് മരിച്ചത്. ഉത്തരവാദിയായ ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദലി കായ്പ്പാടി നൽകിയ പരാതിയിലാണ് കേസെടുത്തത്.

രഞ്ജന പരിശോധനയ്‌ക്കായി എത്തിയപ്പോൾ പ്രസവത്തിനായി അഡ്‌മിറ്റാകാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ശസ്‌ത്രക്രിയ നടത്താൻ താമസം നേരിട്ടതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തിൽ വിശദീകരണം നൽകാതെ ഡോ. ബിന്ദു സ്ഥലംവിടുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.


Source link

Related Articles

Back to top button