നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യലെ സംഘർഷസാഹചര്യത്തിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറിലധികം സർവ്വീസുകൾ റദ്ദാക്കി. ഇവിടെ നിന്ന് പുറപ്പെടേണ്ടിയിരുന്ന 62 വിമാനങ്ങളും വന്നുചേരേണ്ടിയിരുന്ന 42 വിമാനങ്ങളും ഉൾപ്പടെയാണ് റദ്ദാക്കിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സർവ്വീസുകൾ തടസപ്പെടുന്നത്. ഇതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയാകെ യുദ്ധഭീതിയിലാണ്. വിമാനത്താവളങ്ങളിലെ വ്യാപകമായ തടസങ്ങൾ കാരണം ആഭ്യന്തര റൂട്ടുകളിലെ നിരവധി വിമാനങ്ങൾ വൈകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 1520 വിമാനസർവ്വീസുകളാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസവും സർവ്വീസ് നടത്തുന്നത്.
ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർലൈനുകളുമായി ബന്ധപ്പെടാൻ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) യാത്രക്കാർക്ക് നിർദേശം നൽകി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ കാരണം അന്താരാഷ്ട്ര വിമാനങ്ങൾ കാലതാമസത്തിനോ ഷെഡ്യൂൾ മാറ്റത്തിനോ വിധേയമായേക്കാമെന്നും ഡിഐഎഎൽ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Source link



