നാഷണൽ ഹെറാൾഡ് കേസ് : വാദംകേൾക്കൽ ഏപ്രിൽ 20ലേക്ക് മാറ്റി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം തള്ളിയതിനെതിരെയുള്ള ഇ.ഡിയുടെ ഹർജിയിൽ വാദംകേൾക്കുന്നത് ഡൽഹി ഹൈക്കോടതി ഏപ്രിൽ 20ലേക്ക് മാറ്റി. ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടിയെയാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ അടക്കം പ്രതികളാക്കി സമർപ്പിച്ചിരുന്ന കുറ്റപത്രം കഴിഞ്ഞ ഡിസംബർ 16നാണ് വിചാരണക്കോടതി തള്ളിയത്. സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്രമെന്ന് വിലയിരുത്തിയായിരുന്നു നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അന്വേഷണം. അതിനാൽ എഫ്.ഐ.ആറിന്റെ അഭാവമുള്ള ഇ.ഡി കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നും സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി നിലപാടെടുക്കുകയായിരുന്നു. 2014ൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം.
Source link



