LATEST

നാഷണൽ ഹെറാൾഡ് കേസിൽ എഫ്.ഐ.ആർ: സോണിയയും രാഹുലും ക്രിമിനൽ ഗൂഢാലോചന നടത്തി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പൊലീസിന്റെ എഫ്.ഐ.ആർ. രാഹുലും സോണിയയുമുൾപ്പെടെ ആറ് പേർക്കെതിരെയാണ് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡൽഹി റോസ് അവന്യൂ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്‌‌തത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എ.ജെ.എൽ) ഏറ്റെടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരാതിയെ അടിസ്ഥാനമാക്കി ഒക്ടോബർ മൂന്നിന് സമർപ്പിച്ച എഫ്‌.ഐ.ആറിലെ വിവരങ്ങളാണ് പുറത്തുവന്നത്. പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ റിവിഷൻ ഹർജി പരിഗണിച്ച സെഷൻ ജഡ്‌ജ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

സാം പിട്രോഡ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി, നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എ.ജെ.എൽ), എ.ജെ.എല്ലിനെ ഏറ്റെടുത്ത സോണിയയ്‌ക്കും രാഹുലിനും ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യൻ, യംഗ് ഇന്ത്യന് പണം നൽകിയ കൊൽക്കത്തയിലെ ഡോട്ടെക്‌സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

661 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും 90.2 കോടി രൂപയുടെ എ.ജെ.എൽ ഓഹരികളും ഇതുവരെ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. യംഗ് ഇന്ത്യന് സംഭാവന നൽകിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കേസിന്റെ ഭാഗമാണ്.

നെഹ്റുവിന്റെ നാഷണൽ ഹെറാൾഡ്

 ജവഹർലാൽ നെഹ്‌റുവും സ്വാതന്ത്ര്യ സമര സേനാനികളും ചേർന്ന് 1938ൽ സ്ഥാപിച്ചത്.

 നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2012ൽ പരാതി നൽകിയത് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി

 നാഷണൽ ഹെറാൾഡ് 2008ൽ അച്ചടി നിറുത്തിയപ്പോൾ എ.ജെ.എല്ലിന് 90 കോടിയുടെ കടമുണ്ടായി. എ.ജെ.എല്ലിന് കോൺഗ്രസ് 100 ഗഡുക്കളായി 90 കോടി രൂപ വായ്പ നൽകി.

 വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയാതിരുന്നതോടെ 2010ൽ അത് ഇക്വിറ്റി ഷെയറുകളാക്കി ഗാന്ധി കുടുംബത്തിന് 38 ശതമാനം ഓഹരിയുള്ള യംഗ് ഇന്ത്യൻ എ.ജെ.എല്ലിനെ ഏറ്റെടുത്തു.

 മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സാം പിട്രോഡ, സുമൻ ദുബെ തുടങ്ങിയവരാണ് മറ്റ് ഓഹരി ഉടമകൾ

 ഏറ്റെടുക്കലിലൂടെ എ.ജെ.എല്ലിന്റെ ആസ്തി മൂല്യമായ 2,000 കോടിയടക്കം 5,000 കോടി രൂപയുടെ ലാഭമുണ്ടായെന്നാണ് പരാതി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button