നാവികസേനയ്ക്ക് കരുത്ത് കൂട്ടാൻ അഞ്ജദീപ് 27ന് കമ്മിഷൻ ചെയ്യും

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ ഐ.എൻ.എസ് അഞ്ജദീപ് 27ന് ചെന്നൈ തുറമുഖത്ത് കമ്മിഷൻ ചെയ്യും. ആന്റി-സബ്മറൈൻ യുദ്ധക്കപ്പലായ അഞ്ജദീപ് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയാണ് കപ്പൽ കമ്മിഷൻ ചെയ്യുന്നത്. എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്. ഈസ്റ്റേൺ നേവൽ കമാൻഡിലാണ് യുദ്ധക്കപ്പൽ ചേരുന്നത്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് (ജി.ആർ.എസ്.ഇ) നിർമ്മിച്ച അഞ്ജദീപ്,പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തതയുടെ മറ്റൊരു ഉദാഹരണമാണ്. ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്ററാണ് നീളം. തീരപ്രദേശത്തിന് സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കപ്പലിന്റെ രൂപകല്പന.
നൂതന ആയുധങ്ങളും
സെൻസറുകളും
ഐ.എൻ.എസ് അഞ്ജദീപിൽ ഹൾ മൗണ്ടഡ് സോണാർ അഭയ് ഉൾപ്പെടെയുള്ള നൂതന തദ്ദേശീയ ആയുധങ്ങളും സെൻസറുകളും ഭാരം കുറഞ്ഞ ടോർപ്പിഡോകളും അന്തർവാഹിനികളെ തകർക്കാൻ കഴിയുന്ന റോക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കാർവാർ തീരത്ത് അഞ്ജദിപ് ദ്വീപിന്റെ പേരിൽ അറിയപ്പെടുന്ന ഈ യുദ്ധ കപ്പൽ ഇന്ത്യയുടെ വിശാലമായ സമുദ്ര താത്പര്യങ്ങളും തീരദേശ സമീപനങ്ങളും സംരക്ഷിക്കാനുള്ള നാവികസേനയുടെ കഴിവ് ഗണ്യമായി വർദ്ധിപ്പിക്കും. അതേസമയം,അഞ്ജദീപിന്റെ മറ്റൊരു പ്രത്യേകതയാണ് നൂതന വാട്ടർ-ജെറ്റ് പ്രൊപ്പൽഷൻ സംവിധാനം. ഇത് കപ്പലിന് 25 നോട്ട് വരെ വേഗത കൈവരിക്കാൻ സാധിക്കും.
Source link



