നാല് വര്‍ഷത്തിനിടെ വ്യത്യാസം വന്നത് ഒരു തവണ മാത്രം, സാധാരണക്കാരന്റെ ചെലവില്‍ കൊഴുത്ത് കമ്പനികള്‍

ഒന്‍പത് മാസത്തെ അറ്റാദായം 57,517.6 കോടി
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തില്‍ രാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളുടെ അറ്റാദായം 300 ശതമാനത്തിലധികം ഉയര്‍ന്ന് 57,517.6 കോടി രൂപയിലെത്തി റെക്കാഡിട്ടു. മുന്‍വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമാന കാലയളവില്‍ കമ്പനികളുടെ മൊത്തം അറ്റാദായം 19,077 കോടി രൂപ മാത്രമായിരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിപണിയിലുണ്ടായ ഇടിവിന് ആനുപാതികമായി ഇന്ത്യയില്‍ വില്‍പ്പന വില കുറയ്ക്കാത്തതാണ് കമ്പനികള്‍ക്ക് ലോട്ടറിയായത്. ഇതോടൊപ്പം റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ക്രൂഡോയില്‍ ലഭിച്ചതും നേട്ടമായി.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്(ഐ.ഒ.സി), ഭാരത് പെട്രോളിയം കോര്പ്പറേഷന്(ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്(എച്ച്.പി.സി.എല്‍) എന്നീ മൂന്ന് കമ്പനികളും കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലും ലാഭത്തില്‍ വന്‍ കുതിപ്പാണ് നേടിയത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 25,424.91 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 5,696 കോടിയായിരുന്നു ലാഭം. ബി.പി.സി.എല്ലിന്റെ അറ്റാദായം ഇരട്ടിയിലധികം ഉയര്‍ന്ന് 20,111.73 കോടി രൂപയിലെത്തി. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 78 ശതമാനം വര്‍ദ്ധിച്ച് 11,981 കോടി രൂപയായി.
രണ്ട് വര്‍ഷമായി വിലയില്‍ മാറ്റമില്ല
നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ഒരു തവണ മാത്രമാണ് മാറ്റമുണ്ടായത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയില്‍ ലിറ്ററിന് രണ്ട് രൂപ കുറച്ചതാണ് അവസാനമുണ്ടായ മാറ്റം. ഇക്കാലയളവില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴ്ന്നതിന്റെ നേട്ടം ഇതോടെ പൂര്‍ണമായും എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചു. മൂന്ന് മാസത്തിനിടെ മാത്രം ക്രൂഡോയില്‍ വില ഒന്‍പത് ശതമാനം കുറഞ്ഞു.
ലാഭ മാര്‍ജിനില്‍ കുതിപ്പ്
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭ മാര്‍ജിന്‍ കുത്തനെ ഉയര്‍ന്നു. ഐ.ഒ.സിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 1.6 ശതമാനത്തില്‍ നിന്ന് 7.94 ശതമാനമായി ഉയര്‍ന്നു. ആദ്യ ഒന്‍പത് മാസത്തില്‍ ശരാശരി റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് എട്ടു ഡോളറിന് മുകളിലാണ്.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ അറ്റാദായം
കമ്പനി – അറ്റാദായം
ഐ.ഒ.സി 13,006 കോടി രൂപ
ബി.പി.സി.എല്‍ 7,188 കോടി രൂപ
എച്ച്.പി.സി.എല്‍ 4,011 കോടി രൂപ
Source link



