LATEST

നന്നാവാൻ ഇന്ത്യ ചെന്നൈയിൽ

ഇന്ത്യ – സിംബാബ്‌വേ സൂപ്പർ എട്ട് മത്സരം നാളെ ചെന്നൈയിൽ

ചെന്നൈ : സൂപ്പർ എട്ടിലെ നിർണായകമത്സരത്തിൽ വിജയിച്ച് സെമിയിലേക്കുള്ള യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലിറങ്ങുന്നു. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വേയാണ് ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോൽക്കേണ്ടി വന്നതാണ് നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് സമ്മർദ്ദമേറ്റിയിരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ ഓസ്ട്രേലിയയേയും ശ്രീലങ്കയേയും അട്ടിമറിച്ചവരാണെങ്കിലും കഴിഞ്ഞദിവസം വിൻഡീസിനോട് 107 റൺസിന് തോറ്റാണ് സിംബാബ്‌വേ എത്തുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ദുർബലരായ എതിരാളികളോട് കോർത്തപ്പോൾപോലും വെളിവായ പിഴവുകൾ പരിഹരിക്കാൻ ഒരുശ്രമവും നടത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് ട്വന്റി-20കളുടെ പരമ്പരയിൽ 3-1ന് തോൽപ്പിച്ചിരുന്ന ഇന്ത്യയുടെ ദൗർബല്യങ്ങൾ മനസിലാക്കിയാണ് അവർ ലോകകപ്പിൽ തിരിച്ചടിച്ചത്. തുടർച്ചയായി പരാജയപ്പെടുന്നവരെപ്പോലും പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയും വൈസ് ക്യാപ്ടനെ ഒഴിവാക്കുകയുമൊക്കെയായി ഗംഭീറിന്റെ തന്ത്രങ്ങൾ ടീമിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇനി ഏതുരീതിയിലുള്ള മാറ്റമാണ് ഗംഭീറും സൂര്യയും വരുത്താൻപോകുന്നതെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

സൂര്യയുടെ മുന്നിലെ കാർമേഘങ്ങൾ

1. അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മ. ഇതുവരെ കളിച്ച നാലുമത്സരങ്ങളിൽ മൂന്നിലും അഭിഷേക് ഡക്കായിരുന്നു. കഴിഞ്ഞകളിയിൽ നേടിയത് 15 റൺസ് മാത്രം. എന്നിട്ടും ഓപ്പണറായി തുടരാൻ അനുവദിച്ചു.

2. റിങ്കു അടക്കം ഏഴ് ബാറ്റർമാർ ടീമിലുണ്ടെങ്കിലും അഭിഷേക്, ഇഷാൻ കിഷൻ, സൂര്യ, തിലക് വർമ്മ എന്നിവരിൽ ആരെങ്കിലും ഫോമിലെത്തിയില്ലെങ്കിൽ ടീം തകരുന്ന അവസ്ഥ.

3.വൈസ് ക്യാപ്ടനായ അക്ഷർ പട്ടേലിനെ കഴിഞ്ഞദിവസം പുറത്തിരുത്തിയതിൽ ഉയർന്ന വിമർശനം. പരിക്കിൽ നിന്ന് മോചിതനായ വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിക്കാൻ അക്ഷറിനെ പുറത്തിരുത്തിയത് ടീമിന് ഗുണകരമായിരുന്നില്ല.

4. അർഷ്ദീപും ബുംറയും നൽകുന്ന മികച്ച തുടക്കം മുതലാക്കാൻ സ്പിന്നർമാർക്ക് കഴിയാതെവന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തിരിച്ചടിയായത്.

5. സൂപ്പർ എട്ട് റൗണ്ട് ഗ്രൂപ്പ് ഒന്നിൽ വിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. റൺറേറ്റിൽ ഇരുടീമുകളും മുന്നിലുള്ളതിനാൽ വലിയ മാർജിനിലെ വിജയങ്ങളാണ് മുന്നോട്ടുപോകാൻ ഇന്ത്യയ്ക്ക് വേണ്ടത്.

സഞ്ജുവിന് അവസരമുണ്ടോ ?

അഭിഷേക് തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലെങ്കിലും സഞ്ജു സാംസണിന് കളിക്കാൻ അവസരം നൽകുമോ എന്നാണ് ചർച്ച. കഴിഞ്ഞ മത്സരത്തിന് മുമ്പ് പത്രസമ്മേളനത്തിൽ ഈ ചോദ്യമുയർന്നപ്പോൾ ‘അഭിഷേകിനോ, തിലകിനോ ആർക്ക് പകരം സഞ്ജുവിനെ കളിപ്പിക്കും എന്ന മറുചോദ്യമാണ് ക്യാപ്ടൻ സൂര്യ തിരിച്ചുചോദിച്ചത്. സഞ്ജുവിന് നമീബിയയ്ക്ക് എതിരെ മാത്രമാണ് അവസരം ലഭിച്ചത്. അന്ന് 8 പന്തുകളിൽ 22 റൺസ് നേടുകയും ചെയ്തിരുന്നു.

13

ട്വന്റി-20 മത്സരങ്ങളിലാണ് ഇതുവരെ ഇന്ത്യയും സിംബാബ്‌വേയും ഏറ്റുമുട്ടിയത്. ഇതിലും 10ലും ജയിച്ചത് ഇന്ത്യ. സിംബാബ്‌വേയ്ക്ക് മൂന്ന് ജയം മാത്രം.


Source link

Related Articles

Back to top button