LATEST

നടപ്പുവർഷം വിദേശ നിക്ഷേപകർ പിൻവലിച്ചത് 1.43 ലക്ഷം കോടി രൂപ

ആഗോള അനിശ്ചിതത്വങ്ങൾ വിനയായി

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നടപ്പുവർഷം ഇതുവരെ 1.43 ലക്ഷം കോടി രൂപ പിൻവലിച്ചു. ഒക്ടോബറിൽ സജീവമായിരുന്നെങ്കിലും നവംബറിൽ വിദേശ ഫണ്ടുകൾ വീണ്ടും വിൽപ്പന മോഡിലേക്ക് മാറി. നവംബറിൽ വിദേശ നിക്ഷേപകർ 3,765 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. അമേരിക്കൻ ടെക്ക് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ ചാഞ്ചാട്ടവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന് വേഗത കൂട്ടി. സെക്കൻഡറി വിപണിയേക്കാൾ പ്രാരംഭ ഓഹരി വിൽപ്പനയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചു.

ഒക്ടോബറിൽ വിദേശ സ്ഥാപനങ്ങൾ 14,160 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. യു.എസ് സർക്കാരിന്റെ ദീർഘ കാല ഷട്ട്‌ഡൗണും പലിശ കുറയ്ക്കാനുള്ള ഫെഡറൽ റിസർവിന്റെ തീരുമാനം വൈകുന്നതും കണക്കിലെടുത്ത് നിക്ഷേപകർ കരുതലോടെയാണ് നീങ്ങിയത്. റഷ്യയിലെ ഭൗമരാഷ്‌ട്രീയ പ്രതിസന്ധിയും ക്രൂഡോയിൽ വിലയിലെ ചാഞ്ചാട്ടവും നിക്ഷേപകർക്ക് വെല്ലുവിളിയായി.

കരുത്ത് പകർന്ന് ആഭ്യന്തര നിക്ഷേപകർ

വിദേശ ഫണ്ടുകൾ സൃഷ്‌ടിച്ച കനത്ത വിൽപ്പന സമ്മർദ്ദം മറികടന്നും കഴിഞ്ഞ വാരം ഇന്ത്യൻ സൂചികകൾ റെക്കാഡ് ഉയരത്തിലെത്തിയത് ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയിലാണ്. മ്യൂച്വൽ ഫണ്ടുകളിലേക്കും സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലേക്കും ഓരോ മാസവും റീട്ടെയിൽ നിക്ഷേപകർ വൻതോതിൽ പണമൊഴുക്കിയതാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിലും ഇന്ത്യൻ വിപണിക്ക് കരുത്തായത്. നിലവിൽ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 9.45 കോടിയാണ്.

വിദേശ നിക്ഷേപ ഒഴുക്ക്

മാസം : നിക്ഷേപം

ജൂലായ് : -17,700 കോടി രൂപ

ആഗസ്ത് : -34,990 കോടി രൂപ

സെപ്തംബർ : -23,885 കോടി രൂപ

ഒക്ടോബർ : 14,610 കോടി രൂപ

നവംബർ : -3,765 കോടി രൂപ

വിപണിയിൽ മുന്നേറ്റം തുടർന്നേക്കും

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ആഭ്യന്തര മൊത്തം ഉത്പാദനം 8.2 ശതമാനം വളർച്ച നേടിയതോടെ രാജ്യത്തെ ഓഹരി വിപണിയിലെ കുതിപ്പ് വരും ദിവസങ്ങളിലും തുടർന്നേക്കും. ഉത്സവകാല ആവേശവും ചരക്കു സേവന നികുതിയിലെ ഇളവും കമ്പനികളുടെ ലാഭം ഉയർത്തുമെന്ന പ്രതീക്ഷ വിപണിയിൽ ശക്തമാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button