‘ചർച്ചയൊന്നും ഇപ്പോൾ വേണ്ട, യുവതാരങ്ങൾ അവസരം മുതലാക്കട്ടെ’: 2027 ലോകകപ്പ് ചോദ്യങ്ങളോട് ചൂടായി ഗംഭീർ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കൊഹ്ലിക്കാണ് ‘പ്ലെയർ ഓഫ് ദി സീരീസ്’ ലഭിച്ചതെങ്കിലും, ടീമിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചതിന് യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്വാദിനെയും യശസ്വി ജയ്സ്വാളിനെയും പ്രശംസിച്ച് ഗൗതം ഗംഭീർ. ഇരുവരും സെഞ്ച്വറി നേടിയതോടെ, 2027-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമോ എന്ന ചർച്ചകൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾ ഉയർന്നപ്പോൾ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ മാദ്ധ്യമങ്ങളോട് ചൂടായതാണ് ശ്രദ്ധേയമാകുന്നത്. പരമ്പര വിജയിച്ച ശേഷം വിശാഖപട്ടണത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകകപ്പിന് ഇനിയുമുണ്ട് രണ്ടു വർഷം. നിലവിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ നിമിഷത്തെക്കുറിച്ച് ആലോചിക്കുകയാണ്’. ഗംഭീർ പറഞ്ഞു. ഋതുരാജ് ഗെയ്ക്വാദിന്റെ പ്രകടനത്തെ പ്രത്യേകമായിട്ടാണ് അദ്ദേഹം പ്രശംസിച്ചത്. ഗില്ലിനും അയ്യർക്കും പരിക്കേറ്റതിനെ തുടർന്നാണ് ഇരു താരങ്ങൾക്കും അവസരം ലഭിച്ചത്. റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ 83 പന്തിൽ 105 റൺസാണ് ഗെയ്ക്വാദ് നേടിയത്.
‘ടീമിലേക്ക് പുതിയതായി വരുന്ന ചെറുപ്പക്കാർ കിട്ടുന്ന ചാൻസ് നന്നായി ഉപയോഗിക്കുന്നത് അത്യാവശ്യമാണ്. ഋതുരാജ് ഗെയ്ക്വാദിനെ നോക്കൂ, സാധാരണ കളിക്കുന്ന സ്ഥാനത്തല്ല അദ്ദേഹം ബാറ്റ് ചെയ്തത്. അദ്ദേഹം മികച്ച പ്ലെയറാണെന്ന് നമുക്കെല്ലാം അറിയാം. ഇന്ത്യ ‘എ’ ടീമിൽ നല്ല ഫോമിലായിരുന്നു, അതുകൊണ്ട് ഈ സീരീസിൽ ഒരു ചാൻസ് കൊടുക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ആ അവസരം അദ്ദേഹം ഉപയോഗിച്ചു. രണ്ടാം മത്സരം ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. 40 റൺസിൽ രണ്ട് വിക്കറ്റ് പോയ സമയത്താണ് സെഞ്ച്വറി നേടിയത്. കളിയിലെ അത്തരം സന്ദർഭങ്ങളിൽ സെഞ്ച്വറി അടിക്കുക നിർണായകമാണ്,’ അദ്ദേഹം പറഞ്ഞു.
‘യശസ്വിയും അങ്ങനെ തന്നെ. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ നിലവാരം എത്രത്തോളമുണ്ടെന്ന് നമ്മൾ കണ്ടിട്ടുണ്ട്. അദ്ദഹത്തിന്റെ കരിയറിന്റെ തുടക്കം മാത്രമാണ്, പ്രത്യേകിച്ച് ഏകദിന ക്രിക്കറ്റിൽ. മുന്നിൽ വലിയൊരു ഭാവിയുണ്ടെന്ന് പ്രതീക്ഷിക്കാം,’ ഗംഭീർ പറഞ്ഞു.
മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മയും(73 പന്തിൽ 75), വിരാട് കൊഹ്ലിയും (പുറത്താകാതെ 45 പന്തിൽ 65) തങ്ങളുടെ റോൾ ഗഭീരമാക്കി യശ്വസിയ്ക്കൊപ്പം നിന്നിരുന്നു. യശ്വസിയും രോഹിതും ഇരുവരും ഒന്നാം വിക്കറ്റിൽ 25.5 ഓവറിൽ (155 പന്തിൽ ) 155 റൺസിന്റെ കൂട്ടുകെട്ടുണ്ടാണ് പടുത്തിയർത്തിയത്. പിന്നീട് രോഹിതിനെ പുറത്താക്കി കേശവ് മഹാരാജ് ആ കൂട്ടുകെട്ട് തകർക്കുകയായിരുന്നു. രോഹിത്തിനു പിന്നാലെ എത്തിയ വിരാട് കൊഹ്ലി അനായാസമാണ് യശ്വസിക്കൊപ്പം ബാറ്റ് ചെയ്ത് ഇന്ത്യ പരമ്പര വിജയത്തിലേക്ക് നയിച്ചത്.
Source link



