‘സിനിമകൾക്ക് തിരക്കഥയൊരുക്കി, പക്ഷെ വടക്കുനോക്കിയന്ത്രം ചെയ്തപ്പോഴാണ് അക്കാര്യം മനസിലായത്’; ശ്രീനിവാസന്റെ വാക്കുകൾ

മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഒരുപോലെ തിളങ്ങിയ പ്രതിഭയായിരുന്നു അന്തരിച്ച ശ്രീനിവാസൻ. ഇന്ന് പുലർച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 25ൽ അധികം സിനിമകൾക്കായി അദ്ദേഹം തിരക്കഥയൊരുക്കി. 1989ൽ തിയേറ്ററുകളിലെത്തിയ വടക്കുനോക്കിയന്ത്രം എന്ന സിനിമ ശ്രീനിവാസന്റെ സംവിധാനത്തിലും തിരക്കഥയിലുമൊരുങ്ങിയ ഹിറ്റുകളിലൊന്നായിരുന്നു. ഒരു പഴയകാല അഭിമുഖത്തിൽ വടക്കുനോക്കിയന്ത്രം സംവിധാനം ചെയ്തപ്പോഴുണ്ടായ അനുഭവം അദ്ദേഹം നർമത്തോടെ പങ്കുവയ്ക്കുകയുണ്ടായി.
ശ്രീനിവാസന്റെ വാക്കുകൾ
25ഓളം സിനിമകൾക്കുവേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്. അതിനുശേഷമാണ് വടക്കുനോക്കിയന്ത്രം സംവിധാനം ചെയ്യാനായി ഇറങ്ങിയത്. നടൻ ഷൂട്ടിംഗ് സ്ഥലത്തെത്തിയാൽ അന്ന് അഭിനയിക്കേണ്ട രംഗങ്ങൾ, കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ, അയാളിലെ സൂക്ഷ്മാംശങ്ങൾ, മേക്കപ്പ് അങ്ങനെ നിരവധി കാര്യങ്ങൾ സംവിധായകനുമായി ചർച്ച ചെയ്യേണ്ടത് ആവശ്യമാണ്. വിവരമുള്ള സംവിധായകനാണെങ്കിൽ ഈ പറഞ്ഞ എല്ലാ കാര്യങ്ങളിലും സ്വന്തമായി ഒരു അഭിപ്രായം ഉണ്ടായിരിക്കും. അത് ഇല്ലാത്തയാളാണെങ്കിൽ അസിസ്റ്റന്റ് ഡയറക്ടർ എന്ന പാവത്തിന്റെ മുകളിൽ കൊണ്ടിടും. അയാളുമായി ചർച്ച ചെയ്യാൻ പറയും.
ഒരു തിരക്കഥാകൃത്ത് എല്ലാ കാര്യങ്ങളും മനസിലേക്ക് കൊണ്ടുവരണമെന്നുണ്ട്. പഠിക്കുന്ന കാലത്ത് നാടകങ്ങൾ എഴുതുമ്പോൾ സ്റ്റേജിൽ നടക്കുന്ന കാര്യങ്ങൾ മനസിൽ കാണണം. എന്നിലെ കാണിയെ രസിപ്പിക്കുന്ന കാര്യങ്ങളാണ് ഞാൻ നാടകത്തിൽ എഴുതുന്നത്. ഞാനെഴുതിയ തിരക്കഥ കമലോ സത്യനോ സംവിധാനം ചെയ്ത്
കാണുമ്പോൾ മനസിൽ വിചാരിച്ചത് എന്താണോ അതുപോലെ തന്നെയാണ് തോന്നാറുള്ളത്. പക്ഷെ ഞാൻ വെറുമൊരു വിഡ്ഢിയാണെന്ന് തോന്നിയത് വടക്കുനോക്കിയന്ത്രം എന്ന ചിത്രം സംവിധാനം ചെയ്യാൻ പോയപ്പോഴായിരുന്നു.
Source link



