ദുബായിൽ കുടുങ്ങി നടൻ അജിത്; ഇപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് മാനേജർ

ദുബായ്: ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായിൽ കുടുങ്ങി തമിഴ് നടനും പ്രൊപഷണൽ റേസറുമായ അജിത് കുമാർ. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിവച്ചത് മൂലം ചെന്നെെയിലേക്ക് മടങ്ങാൻ നടന് കഴിഞ്ഞില്ല.
അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നടൻ സുരക്ഷിതനാണെന്നും യാതൊരുവിധ അപകടസാദ്ധ്യതയും നേരിടുന്നില്ലെന്നും മാനേജർ വ്യക്തമാക്കി. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന നടൻ വിമാനത്താവളത്തിലെത്തിയ ശേഷം തിരികെ പോരുകയായിരുന്നു. മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അജിത് ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ പറഞ്ഞു.
റേസിംഗുമായി ബന്ധപ്പെട്ടാണ് അടുത്തിടെ അജിത് ദുബായിലെത്തിയത്. 2025ലെ ‘ 24H ദുബായ്’ എൻഡുറൻസ് റേസിൽ മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ അദ്ദേഹം അന്താരാഷ്ട്ര റേസിംഗ് സർക്യൂട്ടിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അബുദാബിയിൽ വരാനിരിത്തുന്ന റേസിംഗ് ഇവന്റുകൾക്കായി കഠിന പരിശീലനത്തിലായിരുന്നു നടൻ. എന്നാൽ ഇതിനിടെയാണ് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്നത്. നിലവിൽ മലയാളികളടക്കം നിരവധിപേരാണ് ദുബായിൽ കുടുങ്ങിക്കിടക്കുന്നത്.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ആക്രമണം ശക്തമാക്കുയാണ് ഇറാൻ. ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ വീണ് വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുണ്ട്. വ്യോമപ്രതിരോധത്തിന്റെ ഭാഗമായി ആകാശത്തുവച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങളാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇവിടെ ആർക്കെങ്കിലും ജീവഹാനി ഉണ്ടാവുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടില്ല.തീപിടിത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. മിസൈൽ ആക്രമണത്തിൽ ബഹ്റെയിനിലെ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചതായും വിവരമുണ്ട്.
Source link



