ദുബായിലെ ആ അനുഭവത്തിൽ അമ്പരന്ന് പ്രവാസി, കളഞ്ഞ് പോയ സാധനം തിരിച്ചുകിട്ടിയത് ഒരുമണിക്കൂറിനുള്ളിൽ

ദുബായ്: ടാക്സിയിൽ വച്ച് മറന്ന പഴ്സ് മണിക്കൂറുകൾക്കകം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ദുബായ് പൊലീസ്. ലഖ്‌നൗ സ്വദേശിയായ അലോക് തിവാരിയെന്ന പ്രവാസിക്കാണ് അപൂർവ്വ അനുഭവം ഉണ്ടായത്. പരാതി പോലും നൽകാതെ ഒരു മണിക്കൂറിനുള്ളിലാണ് അലോകിന്റെ കൈയിലേക്ക് പഴ്‌സ് എത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അലോക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി.
‘ടാക്‌സിയിൽ യാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോൾ ക്യാബിനിൽ പഴ്‌സ് മറന്നുവയ്ക്കുകയായിരുന്നു. എന്നാൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെ ഒരു മണിക്കൂറിന് ശേഷം തന്നെ ദുബായ് പൊലീസിന്റെ ഫോൺ കോൾ എന്നെ തേടിയെത്തി. ഡ്രൈവർ പഴ്സ് പൊലീസിൽ ഏൽപ്പിച്ചതായും ഉദ്യോഗസ്ഥർ ഫോൺ നമ്പർ ട്രാക്ക് ചെയ്ത് എന്നെ കണ്ടെത്തുകയുമായിരുന്നു. പഴ്സ് തിരികെ കിട്ടിയ ഉടൻ പരിശോധിച്ചപ്പോൾ വീണ്ടും ഞെട്ടി. അതിലുണ്ടായിരുന്ന 500 ദിർഹത്തിൽ 20 ദിർഹം മാത്രമാണ് കുറവുണ്ടായത്. ബാക്കി തുകയും രേഖകളും കൃത്യമായിരുന്നു. ഇവിടുത്തെ നിയമവും ആൾക്കാരുടെ സത്യസന്ധതയും സമ്മതിച്ചു കൊടുക്കണം’ അലോക് എക്‌സിൽ കുറിച്ചു.എക്സിൽ അലോക് പങ്കുവച്ച കുറിപ്പ് ഇതിനോടകം 1.5 മില്യണിലധികം ആളുകളാണ് കണ്ടത്. ദുബായിലെ ഭരണസംവിധാനത്തിന്റെ മികവാണ് ഇത്തരം നല്ല കാര്യങ്ങൾ സംഭവിക്കാൻ കാരണമെന്ന് ഒട്ടേറെ പേർ കമന്റിൽ കുറിച്ചു. ‘കർശനമായ നിയമങ്ങളും ശിക്ഷയെക്കുറിച്ചുള്ള ഭയവുമാണ് കുറ്റകൃത്യങ്ങൾ കുറയാൻ കാരണം,’ ഒരാൾ കമന്റിൽ കുറിച്ചു. ‘സത്യസന്ധതയ്ക്ക് വിലയിടാൻ കഴിയില്ലെന്നും അത്തരം പ്രവൃത്തികൾ എന്നും ആദരിക്കപ്പെടണം,’ മറ്റൊരാൾ അഭിപ്രായപ്പെട്ടു. അതേസമയം, ഗോവയിൽ വച്ച് പഴ്സ് നഷ്ടപ്പെട്ടപ്പോൾ സമാനമായ രീതിയിൽ ഇന്ത്യയിലെ പൊലീസും തന്നെ സഹായിച്ചിട്ടുണ്ടെന്ന് മറ്റൊരാൾ കമന്റിൽ കുറിച്ചതും ശ്രദ്ധേയമായി.
Source link

