ദിലീപ് കോടതിയിൽ എത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമർശം, ചാൾസ് ജോർജിനെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് വിചാരണ കോടതിയിൽ എത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമർശത്തിൽ കേസ്. മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ ചാള്‍സ് ജോര്‍ജിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
വിചാരണ കോടതിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന പരാതി അന്വേഷിക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്. കേസിൽ ദിലീപിനെ വെറുതെ വിട്ടതോടെയാണ് കോടതി പരിസരത്തുവച്ച് വിചാരണ കോടതിക്കെതിരെ ചാൾസ് ജോർജ് ആരോപണം ഉന്നയിച്ചത്. ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിടുകയായിരുന്നു. തുടർന്ന് കേസെടുക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പി ജെ പോൾസൺ കോടതിയെ സമീപിക്കുകയായിരുന്നു.
ചാൾസിന്റെ പ്രതികരണം ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നുവെന്നും ഈ ആരോപണം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് കാട്ടിയായിരുന്നു പരാതി. പ്രതി കോടതി മുറിയിലേക്ക് വരുമ്പോൾ ജഡ്ജി എഴുന്നേറ്റ് നിൽക്കുന്ന സ്ഥിതിയാണ് കോടതിയിൽ ഉണ്ടായിരുന്നതെന്ന് ചാൾസ് ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Source link



