ദിലീപിനൊപ്പം സിനിമ ചെയ്യുന്നുവെന്ന വാർത്തകളെ ചവറെന്ന് വിശേഷിപ്പിച്ച് സംവിധായകൻ ചിദംബരം

നടൻ ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ചിദംബരം. ചവറ് വാർത്തകൾ പങ്കുവയ്ക്കുന്നതിനു മുൻപ് ശരിയാണോയെന്ന് ഉറപ്പ് വരുത്തണമെന്നും താനൊരു സർവൈവൽ സ്പെഷ്യലിസ്റ്റ് അല്ലെന്നും സംവിധായകൻ പ്രതികരിച്ചു. ദിലീപും മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരവും ഒന്നിക്കുന്ന ഒരു സർവൈവൽ ത്രില്ലർ ഒരുങ്ങുന്നതായാണ് വാർത്തകൾ വന്നത്. ഈ വാർത്ത പങ്കുവച്ചുകൊണ്ടാണ് പ്രചരിക്കുന്ന കാര്യങ്ങളിൽ സത്യമില്ലെന്ന് ചിദംബരം അറിയിച്ചത്.
‘ചവറ് പോസ്റ്റ് ചെയ്യുന്നതിനുമുൻപ് ദയവ് ചെയ്ത് ശരിയാണോയെന്ന് പരിശോധിക്കുക. പിന്നെ ഞാനൊരു സർവൈവൽ ത്രില്ലർ സ്പെഷ്യലിസ്റ്റല്ല’. ചിദംബരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
വിവിധഭാഷകളിൽ വലിയ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് ചിദംബരത്തിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതൊരു സർവൈവൽ ത്രില്ലറായിരുന്നു. ‘ആവേശം’ സിനിമയുടെ സംവിധായകൻ ജിത്തുമാധവൻ രചന നിർവഹിക്കുന്ന ‘ബാലൻ’ ആണ് ചിദംബരത്തിന്റെ പുതിയ ചിത്രം.
Source link



