CINEMA

‘ദിലീപിനെ കണ്ടപ്പോൾ ജഡ്‌ജി എഴുന്നേറ്റ് നിന്നു’; ജഡ്‌ജിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാൻ ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണകോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചയാൾക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്‌ജി എഴുന്നേറ്റ് നിന്നു എന്നതുൾപ്പെടെ പറഞ്ഞ ചാൾസ് ജോർജ് എന്നയാൾക്കെതിരെയാണ് നടപടിയുണ്ടാവുക. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌‌ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെൻട്രൽ പൊലീസ് എസ്‌എച്ച്‌ഒയോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുൽ ശശിധരൻ, ഗിജീഷ് പ്രകാശ് എന്നിവർ മുഖേന പി ജെ പോൾസൺ നൽകിയ പരാതിയിലാണ് ഉത്തരവ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് എറണാകുളം സെഷൻസ് കോടതി വിധി പ്രസ്‌താവിച്ചത്. പിന്നാലെ എറണാകുളം ജില്ലാ കോടതി കോംപ്ലക്‌സിന് മുന്നിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ചാൾസ് ജോർജ് ജഡ്‌ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിധി പറഞ്ഞ ദിവസം കോടതിയിൽ ഉണ്ടായിരുന്ന ആളാണ് താനെന്ന അവകാശവാദത്തോടെയായിരുന്നു പ്രതികരണം.

വിധി പക്ഷപാതപരമാണെന്നും പ്രതി കോടതിയിൽ വരുമ്പോൾ ജഡ്‌ജി ബഹുമാനപൂർവം എഴുന്നേറ്റ് നിൽക്കാറുണ്ടെന്നും വിധി നീചമാണെന്നും യഥാർത്ഥ പ്രതികൾ രക്ഷപ്പെട്ടു എന്നെല്ലാമാണ് ചാൾസ് ജോർജ് പ്രതികരിച്ചത്. ഈ ആരോപണം ബോധപൂർവം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരാതി.

ചാൾസ് ജോർജ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ അടങ്ങിയ ഒരു യുഎസ്ബി ഫ്ലാഷ് ഡ്രൈവും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും സെൻട്രൽ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.


Source link

Related Articles

Back to top button