ത്രില്ലടിപ്പിച്ച ശേഷം …

കന്നടയിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിന്റെ ആഹ്ളാദത്തിലാണ് ജോൺ കൈപ്പള്ളിൽ. ‘ശേഷം 2016” എന്ന ചിത്രം മലയാളത്തിലും കന്നടയിലും പ്രേക്ഷകർക്ക് മുന്നിൽ എത്തി. കേരള- കർണാടക അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കന്നട സംവിധായകൻ പ്രദീപ് അരസിക്കരെ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിൽ പൊലീസ് നായകനായി ജോൺ നിറഞ്ഞാടി.
‘’സുഹൃത്ത് എഡിറ്റർ അയൂബ്ഖാൻ വഴിയാണ് അവസരം ലഭിക്കുന്നത്. ഈ സിനിമ മലയാളത്തിലും ഉള്ളതു കൊണ്ടാണ് മലയാളി താരങ്ങളെ തന്നെ കാസ്റ്റ് ചെയ്തത്. ഒരേസമയം മലയാളത്തിലും കന്നടയിലുമായിരുന്നു ചിത്രീകരണം . നല്ലൊരു അനുഭവം തന്നു ആദ്യത്തെ കന്നട സിനിമ.””ജോൺ മനസ് തുറന്നു.
പേര് വിളിപ്പിക്കണം
കഥാപാത്രങ്ങളിലൂടെ അറിയപ്പെടുന്ന നടനാണ് ഞാൻ. അത് വലിയൊരു ഭാഗ്യമാണ്. മാസ്റ്റർ പീസിലെ റോഷൻ ചെറിയാനെയാണ് കൂടുതൽ ആളുകൾക്ക് പരിചയം. ആൻ മരിയ കലിപ്പിലാണ് സിനിമയിലെ ’കലിപ്പ് മാഷ് ” ,ആട് 2ലെ മഹേഷ് ഷെട്ടി. കൂടുതൽ ആളുകൾ എന്നെ അറിയപ്പെടുന്നത് കഥാപാത്രത്തിലൂടെയാണ്. എന്റെ പേരിൽ അറിയപ്പെടുന്ന ഒരു ദിവസം വരുമെന്ന് വിചാരിക്കുന്നു. അങ്ങനെ എന്റെ യഥാർത്ഥ പേര് പ്രേക്ഷകരെ കൊണ്ട് വിളിപ്പിക്കണമെന്ന ആഗ്രഹമുണ്ട്.
സിനിമയിൽ എത്താൻ മോഡലിംഗ് ഒരു പ്രധാന വഴിയാണെന്ന് അറിയാമായിരുന്നു.അതിനാൽ പഠിക്കുമ്പോൾ തന്നെ മോഡലിംഗ് ചെയ്തു. ബിരുദം ചെയ്തത് തമിഴ്നാട്ടിലാണ്. ഞാനൊരു മെക്കാനിക്കൽ എൻജിനിയർ കൂടിയാണ്. ഷിപ്പ് യാർഡിൽ മൂന്ന് വർഷം ജോലി ചെയ്തു. ആ സമയത്തുതന്നെ ഓഡിഷനും പോകുമായിരുന്നു.മോഡലിംഗ് പരിചയത്തിൽ അഭിനയിക്കാൻ ഒരു ബേസ് കിട്ടി . തുടർന്ന് സിനിമയിൽ എത്തുകയും ഒരുപാട് ഫ്രണ്ട് സർക്കിൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്തു. പിന്നെ അന്യഭാഷകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് എനിക്ക് തോന്നുന്നു മുൻപ് അയച്ച ഇമെയിലുകളിലെയും,വാട്സ് ആപ് മെസേജും വഴി എന്റെ ഫോട്ടോ കണ്ടിട്ടായിരിക്കാം. തമിഴിൽ ശിവകാർത്തികേയൻ ചിത്രം അമരനിൽ എന്നെ ആരാ നിർദ്ദേശിച്ചത് എന്ന് ഇപ്പോഴും അറിയില്ല.14 വർഷത്തെ സിനിമ ജീവിതം
മോഡലിംഗ് ചെയ്യുന്ന സമയത്താണ് തട്ടത്തിൻ മറയത്തിൽ അഭിനയിക്കുന്നത്. തട്ടത്തിൻ മറയത്തിന്റെ പോസ്റ്റർ ഡിസൈനറായ അരുൺ ചന്ദു റൂംമേറ്റാണ്. അവനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ആദ്യമായി സിനിമയിൽ വരുന്നത് തട്ടത്തിൻ മറയത്തിലൂടെയാണ്. അതിനുശേഷവും മോഡലിംഗും ഓഡിഷനുമായി നടന്നു. പിന്നെ ചെറിയ , ചെറിയ കഥാപാത്രങ്ങളായി ഒന്ന് രണ്ട് സിനിമകൾ കൂടി ചെയ്തു. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രം
സിനിമയിലേക്ക് പൂർണമായ വരവിന് കാരണമായി. 14 വർഷമായി സിനിമയിൽ വന്നിട്ട് എന്നത് ഇപ്പോഴും അത്ഭുതമാണ്. ഓരോ സിനിമ ചെയ്യുമ്പോഴും അത് ഓരോ പുതിയ അനുഭവമായാണ് കാണുന്നത്. നല്ല സിനിമ. മോശം സിനിമ എന്നത് മാറ്രി നിറുത്തി 14 വർഷത്തെ സിനിമ ജീവിതത്തെ ഒരു പി.എച്ച്.ഡി പഠന കാലഘട്ടമായായി കണക്കാക്കുന്നു.
നായക വേഷം വളരെ ഉത്തരവാദിത്വം നിറഞ്ഞതാണ്. ’ശേഷം 2016 ”പൂർണമായും നായക കഥാപാത്രമല്ലെങ്കിലും ചെറിയ തോതിൽ നായകനെന്ന് പറയാം. എല്ലാ കഴിവും നിറഞ്ഞ ഒരു പൂർണ നടനാണെന്ന് വിശ്വസിക്കുന്നില്ല. അതിനാൽ എന്നെ നല്ല രീതിയിൽ ചെയ്യിപ്പിക്കാൻ പറ്റുന്ന നല്ലൊരു സംവിധായകന്റെ സിനിമയിൽ നായക വേഷം ചെയ്യാനാണ് ആഗ്രഹം. പണം മാത്രം കണ്ട് സിനിമ ചെയ്യാറില്ല. അതിനാൽതന്നെ ഈ 14 വർഷത്തിൽ ആകെ 15,16 സിനിമകൾ മാത്രമാണ് ചെയ്തത്.
ഞാൻ ഒരു പത്തനംതിട്ടക്കാരൻ
നല്ല സിനിമയിലൂടെ മാത്രം പ്രേക്ഷകരുടെ മുന്നിൽ വരണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് സെലക്ടീവ് ആകുന്നത്. സിനിമയുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന സിനിമ എന്നതാണ് ലക്ഷ്യം.
വില്ലൻ കഥാപാത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. വില്ലനാവാൻ വന്ന അവസരങ്ങളിൽ ഭൂരിഭാഗവും ഉപേക്ഷിച്ചില്ല. എന്നാൽ ഇതുവരെ നല്ല ഒരു വില്ലൻ വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ട ആണ് നാട്. എറണാകുളത്താണ് താമസം. ഭാര്യ ഹെപ് സിബ . മകൾഎലീനർ ഫെയ്ത്ത്. നാലു വയസാണ്.
മാസത്തിൽ രണ്ടോ മൂന്നോ തവണ പത്തനംതിട്ടയിൽ പോകാറുണ്ട്. നാടിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഒരുപാട് നല്ല മനുഷ്യരും,കൂട്ടുകാരും,പുഴകളും കാടുകളും അമ്പലങ്ങളും പള്ളികളും എല്ലാം അടങ്ങിയ നാടൻ സ്ഥമാണ് എന്റേത്. ജനിച്ചു വളർന്നതും പ്ലസ് ടു വരെ പഠിച്ചതും നാട്ടിൽ തന്നെയാണ്. നാട്ടിൽ നിന്ന സമയത്ത് അവിടെ നിന്ന് എങ്ങനെയെങ്കിലും ഓടിപോകണമെന്ന് വിചാരിച്ചാണ് കോയമ്പത്തൂരിൽ പഠിക്കാൻ ചേർന്നത്. എറണാകുളത്ത് നിൽക്കുന്നതുക്കൊണ്ടു തന്നെ ഇവിടവും പ്രിയപ്പെട്ടതാണെങ്കിലും ഏറ്റവും ഇഷ്ടം എപ്പോഴും എന്റെ നാട് തന്നെയാണ്. പണ്ട് നാട് വിട്ട് പോകാൻ ആഗ്രഹിച്ച ഞാൻ ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നാട്ടിലേക്ക് മടങ്ങി വരാനാണ്.
Source link



