ത്രികോണപ്പോരിൽ കലങ്ങി പൂഞ്ഞാർ

കോട്ടയം: പ്രളയത്തിൽ കലങ്ങിയൊഴുകിയ മീനച്ചിലാർ പോലെയാണ് പൂഞ്ഞാറിലെ ത്രികോണപ്പോര്. പി.സി. ജോർജിന്റെ സാന്നിദ്ധ്യമാണ് ആ ത്രികോണപ്പോരിന്റെ ആണിക്കല്ല്. നിശബ്ദമായ അടിയൊഴുക്കാണ് പൂഞ്ഞാറിൽ വിധി നിർണയിക്കുക.കർഷക പ്രശ്നങ്ങളും മതസാമുദായിക വിഷയങ്ങളും ഒരുപോലെ പൂഞ്ഞാറിൽ ചർച്ചയാകുന്നുണ്ട്. സിറ്റിംഗ് എം.എൽ.എ കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലും, കോൺഗ്രസിലെ എം.ജെ.സെബാസ്റ്റ്യനും, ബി.ജെ.പിയുടെ പി.സി. ജോർജും നേർക്കുനേർ മത്സരിക്കുന്നു. ദീർഘകാലം പി.സി. ജോർജിന്റെ വ്യക്തിപ്രഭാവത്തെ ചുറ്റിപ്പറ്റിയായിരുന്നു പൂഞ്ഞാർ രാഷ്ട്രീയം.മുന്നണികൾ മാറിയും സ്വതന്ത്രനായും മത്സരിച്ചപ്പോഴെല്ലാം ജോർജിനെ ജനം ചേർത്തുനിറുത്തി. കുടിയേറ്റ കർഷകരുടെ സംരക്ഷകനെന്ന പ്രതിച്ഛായിലായിരുന്നു ഈ വിജയങ്ങൾ. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകളും പ്രകോപന പ്രസംഗങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളെ അടിമുടി മാറ്റി. പി.സി. ജോർജിനെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് അദ്ദേഹത്തെ തോൽപ്പിക്കുക മാത്രമായി ലക്ഷ്യം.കഴിഞ്ഞതവണ ഒറ്റയ്ക്ക് പൊരുതിയ പി.സി. ജോർജിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വീഴ്ത്തി. 58,668 വോട്ടുകൾ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ലഭിച്ചപ്പോൾ കേരള ജനപക്ഷം സ്ഥാനാർത്ഥി പി.സി. ജോർജ് നേടിയത് 41,851 വോട്ട്. 2016ൽ സ്വതന്ത്രനായി മത്സരിച്ച പി.സി 63,621 വോട്ട് നേടിയിരുന്നു.
Source link


