LATEST

തോറ്റത് ശ്രീലങ്ക, കൊണ്ടത് പാകിസ്ഥാന്; സെമി ഫൈനല്‍ ബെര്‍ത്തിന് തൊട്ടടുത്ത് കിവികള്‍

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തോല്‍വിയോടെ ശ്രീലങ്ക സെമി കാണാതെ പുറത്ത്. 61 റണ്‍സിന് ലങ്കയെ വീഴ്ത്തിയ ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ യോഗ്യതയ്ക്ക് തൊട്ടരികിലെത്തി നില്‍ക്കുകയാണ്. മത്സരത്തില്‍ ലങ്ക തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്റെ സെമി മോഹങ്ങളും ഏറെക്കുറേ അവസാനിച്ചു. ശ്രീലങ്കയ്‌ക്കെതിരെ മികച്ച ജയത്തോടെ നെറ്റ് റണ്‍റേറ്റിലും കിവീസ് മെച്ചപ്പെട്ട നിലയിലാണ്. ഇംഗ്ലണ്ടിനോട് ന്യൂസിലാന്‍ഡ് പരാജയപ്പെടുകയും ശ്രീലങ്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ പാകിസ്ഥാന് അവസാന നാലിലെത്താന്‍ കഴിയുകയുള്ളൂ.

169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ഓപ്പണര്‍ പാത്തും നിസംഗയുടെ വിക്കറ്റ് 0(1) ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ നഷ്ടമായത് ലങ്കയ്ക്ക് തിരിച്ചടിയായി. ചാരിത് അസലംഗ 5(9), കുസാല്‍ മെന്‍ഡിസ് 11(22), പവന്‍ രത്‌നായകെ 10(18) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ 29ന് നാല് എന്ന നിലയിലേക്ക് ലങ്ക തകര്‍ന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഈ തകര്‍ച്ചയില്‍ നിന്ന് തിരികെ വരാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.

കാമിന്ദു മെന്‍ഡിസ് 31(23), ക്യാപ്റ്റന്‍ ദസൂണ്‍ ഷനക 3(5) ദുഷാന്‍ ഹേമന്ത 3(6) എന്നിവരും പുറത്തായപ്പോള്‍ ലങ്കന്‍ സ്‌കോര്‍ 15 ഓവറില്‍ 77ന് ഏഴ് എന്ന നിലയിലായിരുന്നു. ദുനിത് വെല്ലാലഗെ 29(23) റണ്‍സ് നേടി പുറത്തായപ്പോള്‍ ദുഷ്മന്ത ചമീര 7*(12), മഹീഷ് തീക്ഷണ 1*(1) എന്നിവര്‍ പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി രചിന്‍ രവീന്ദ്ര 4 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. മാറ്റ് ഹെന്റി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ക്ക് ഒാരോ വിക്കറ്റ് വീതവും ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ – കോള്‍ മക്കോന്‍കി സഖ്യം നേടിയ 86 റണ്‍സാണ് ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കിവീസിനെ കരകയറ്റിയത്. ഒരവസരത്തില്‍ 84ന് ആറ് എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ്. ലങ്കന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ കിവീസിന്റെ മദ്ധ്യനിര തകരുകയായിരുന്നു.

ഇന്നിംഗ്സിന്റെ നാലാം ഓവറില്‍ ഓപ്പണര്‍ ഫിന്‍ അലന്‍ 23(13), തൊട്ടടുത്ത ഓവറില്‍ ടിം സീഫര്‍ട്ട് 8(9) എന്നിവരുടെ വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്ര 32(22), ഗ്ലെന്‍ ഫിലിപ്സ് 18(18) എന്നിവര്‍ നിലയുറപ്പിക്കുന്നുവെന്ന് തോന്നിച്ചിടത്തുനിന്നാണ് കിവീസ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. 75ന് രണ് എന്ന നിലയില്‍ നിന്ന് ഫിലിപ്സ്, രചിന്‍, മാര്‍ക് ചാപ്മാന്‍ 0(2), ഡാരില്‍ മിച്ചല്‍ 3(7) എന്നിവര്‍ പുറത്തായപ്പോള്‍ കിവീസ് 84ന് ആറ് എന്ന നിലയിലേക്ക് വീണു.

ഏഴാം വിക്കറ്റില്‍ മിച്ചല്‍ സാന്റ്നര്‍ 47(26) കോള്‍ മക്കോന്‍കി പുറത്താകാതെ 31*(23) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. നാല് സിക്സറുകളും രണ്ട് ബൗണ്ടറിയും നേടിയ സാന്റ്നര്‍ ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് പുറത്തായത്. മക്കോന്‍കി രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറിയും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും ദുനിത് വെല്ലാലഗെ ഒരു വിക്കറ്റും വീഴ്ത്തി.


Source link

Related Articles

Back to top button