test del 3
തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ തുറക്കാൻ വൈകിയതെന്തുകൊണ്ട്?; 2018 പ്രളയകാലത്ത് ഉയർന്ന സംശയം വീണ്ടും ചർച്ചയിൽ

അമ്പലപ്പുഴ ∙ 2018ലെ മഹാപ്രളയകാലത്ത് നാടാകെ മുങ്ങിയിട്ടും തോട്ടപ്പള്ളി സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറക്കാൻ വൈകിയത് എന്തുകൊണ്ടെന്ന സംശയം വർഷങ്ങൾക്കു ശേഷം വീണ്ടും സജീവ ചർച്ചയിലേക്ക്. പൊഴിമുഖത്ത് അടിഞ്ഞ കരിമണൽ കടലിലേക്കു പൂർണമായും ഒഴുകിപ്പോകാതിരിക്കാനാണു കരിമണൽ ലോബിക്കു വേണ്ടി ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന ആരോപണമാണ് അന്നു ശക്തമായി ഉയർന്നത്. 2018ലെ മഹാപ്രളയം കുട്ടനാട്ടിലും കിഴക്കൻ മേഖലകളിലും സർവനാശം വിതച്ച ശേഷമാണ് നിരന്തര ആവശ്യങ്ങൾക്കൊടുവിൽ സ്പിൽവേയുടെ 20 ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ പൂർണമായും തുറക്കാത്തതിനാൽ കടലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടു. കുട്ടനാടും ആലപ്പുഴ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളും പത്തനംതിട്ട ജില്ലയും പ്രളയത്തിൽ മുങ്ങി. ബാക്കിയുള്ള 20 ഷട്ടറുകൾ കൂടി തുറക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഫലമുണ്ടായില്ല. പ്രളയജലം വീടുകൾക്ക് മുകളിലൂടെ ഒഴുകിയിട്ടും ബാക്കി ഷട്ടറുകൾ ഉയർത്താൻ ജലസേചന വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗത്തിന് അനുമതി ലഭിച്ചില്ല. ഒടുവിൽ പത്തനംതിട്ട ജില്ലയിൽ നിന്നുൾപ്പെടെ ജനപ്രതിനിധികൾ ശക്തമായ സമ്മർദം ചെലുത്തിയതോടെയാണ് ഓഗസ്റ്റ് 18ന് ബാക്കി 20 ഷട്ടറുകൾ തുറന്നത്.
Source link


