test del 2
തെക്കൻ ലെബനനിൽ ‘ഗാസ മോഡൽ’ ബഫർ സോൺ; ലിതാനി നദി വരെ നിയന്ത്രണം വ്യാപിപ്പിക്കാൻ ഇസ്രയേൽ

ടെൽ അവീവ്: തെക്കൻ ലെബനനിൽ പലസ്തീനിലെ ഗാസയ്ക്ക് സമാനമായ രീതിയിൽ ഒരു ‘ബഫർ സോൺ’ (നിയന്ത്രിത മേഖല) സൃഷ്ടിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം സൈന്യത്തിന് ഉത്തരവ് നൽകി. ലെബനനിലെ ലിതാനി നദി വരെയുള്ള മേഖലയുടെ നിയന്ത്രണം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതോടെ ഈ പ്രദേശത്തെ ഗ്രാമങ്ങൾ ഇസ്രയേലിന്റെ നിയന്ത്രണത്തിലാകുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.മേഖലയിൽ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനും അതിർത്തിയിലെ ഭീഷണികൾ ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്ന് ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഗാസയിലെ റഫ, ബെയ്ത് ഹനൂൻ മാതൃകയിൽ അതിർത്തിക്കടുത്തുള്ള എല്ലാ വീടുകളും തകർക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ലിതാനി നദി വരെയുള്ള പ്രദേശത്ത് നുഴഞ്ഞുകയറിയ ഹിസ്ബുള്ളയുടെ ‘റദ്വാൻ’ സേനയെ തുരത്താനും അവിടെയുള്ള ആയുധശേഖരം നശിപ്പിക്കാനുമാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പുതിയ ബഫർ സോൺ രൂപീകരിക്കുന്നതിന്റെ ഭാഗമായി തെക്കൻ ലെബനനിൽ നിന്ന് ആറ് ലക്ഷത്തിലധികം പേർ കുടിയിറക്കപ്പെട്ടു കഴിഞ്ഞു.ലെബനനിലെ ഇറാൻ സ്വാധീനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഈ സൈനിക നീക്കം നടത്തുന്നത്. ഭാവിയിൽ ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സമാധാന കരാർ ഒപ്പിട്ടാലും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
Source link


