NATIIONAL
തുടർച്ചയായി അഞ്ച് പന്തുകളില്‍ സിക്സ്, ഞെട്ടിച്ച് 23 വയസ്സുകാരൻ; ഹൈദരാബാദ് ‘യുദ്ധ ഭൂമിയിലെ പുതിയ ഭടൻ’ ആരാണ്?- വിഡിയോ

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് ബാറ്റർമാർ ഉൾപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദിനു പ്രതീക്ഷയായി പുത്തൻ താരോദയം. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിനിടെ അഞ്ച് പന്തുകളിൽ അഞ്ചും സിക്സർ തൂക്കി 23 വയസ്സുകാരനായ സലിൽ അറോറയാണ് സൺറൈസേഴ്സ് ടീം സിലക്ടർമാരെ ഞെട്ടിച്ചത്. ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്ഘട്ടിന്റെ ഒരോവറിലെ അവസാന രണ്ടു പന്തുകളും സിക്സര്‍ തൂക്കിയ അറോറ, പിന്നാലെ വന്ന ഓംകാർ തർമാലെയെയും തുടർച്ചയായി മൂന്നു തവണ ബൗണ്ടറി കടത്തി. മധ്യനിര ബാറ്ററായ സലിൽ അറോറ കൂടി തകർത്തടിച്ചാൽ ക്യാപ്റ്റൻ ഇഷാൻ കിഷനും അഭിഷേക് ശർമയും ചേർന്നുനൽകുന്ന മികച്ച തുടക്കം വമ്പൻ സ്കോറിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമായ സലിൽ അറോറ 2026 താരലേലത്തിൽ 1.50 കോടി രൂപയ്ക്കാണ് ഹൈദരാബാദിൽ ചേർന്നത്. 30 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ 39 പന്തിൽ താരം സെഞ്ചറിയിലെത്തിയിരുന്നു. ഇന്ത്യ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്. പരുക്കേറ്റ ഓസീസ് പേസര്‍ പാറ്റ് കമിൻസിനു പകരം ഇഷാൻ കിഷനാണ് ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ ഹൈദരാബാദിനെ നയിക്കുന്നത്. പരുക്കുകാരണം ട്വന്റി20 ലോകകപ്പിലും കമിൻസ് കളിച്ചിരുന്നില്ല.
Source link



