test del 4 copy of del 3
തിരഞ്ഞെടുപ്പിൽ ‘പ്രളയ’വിവാദം; കലാശക്കൊട്ട് ഒഴിവാക്കി സത്യഗ്രഹമിരുന്ന് യുഡിഎഫ് സ്ഥാനാർഥികൾ

പത്തനംതിട്ട ∙ തിരഞ്ഞെടുപ്പിനു തലേന്ന് ഇടതുമുന്നണിയെ വെട്ടിലാക്കി വീണ്ടും പ്രളയ വിവാദം. കലാശക്കൊട്ട് പോലും ഒഴിവാക്കി യുഡിഎഫ് സ്ഥാനാർഥികൾ സത്യഗ്രഹമിരുന്നതോടെ കൃത്യമായ മറുപടിയില്ലാതെ ഇടതുമുന്നണി പ്രതിസന്ധിയിലായി. റാന്നിയിലെ സ്ഥാനാർഥി പഴകുളം മധു, ആറന്മുളയിൽ അബിൻ വർക്കി, തിരുവല്ലയിൽ വർഗീസ് മാമ്മൻ എന്നിവർ ഉപവാസമിരുന്നു. 2018ൽ പ്രളയകാലത്ത് ജലസേചന മന്ത്രിയായിരുന്ന മാത്യു ടി.തോമസിനെതിരായ പരാമർശങ്ങളടങ്ങിയ നിലവിലെ മന്ത്രി കൃഷ്ണൻ കുട്ടിയുടെ ശബ്ദരേഖയാണു പുറത്തുവന്നത്. മന്ത്രി ആധികാരികത നിഷേധിച്ചെങ്കിലും ശബ്ദരേഖയിൽ പറയുന്ന പേരുകളും കാര്യങ്ങളും മുൻപ് പലപ്പോഴായി ആരോപണമായി ഉയർന്നു വന്നതാണ്.ജില്ലയിലെ പമ്പ, കക്കി, ആനത്തോട്, മണിയാർ അണക്കെട്ടുകളുടെ സംഭരണശേഷി 100 % കൈവരിച്ച ശേഷമാണ് തുറന്നു വിട്ടത്. സാധാരണയായി സംഭരണ ശേഷി 90 % എത്തുമ്പോഴേ അധികജലം തുറന്നുവിടും. സംസ്ഥാനത്തെ വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. പമ്പ, കക്കി, ആനത്തോട് എന്നീ 3 ഡാമുകളാണ് ഇതിനുള്ളത്. ഇതിൽ ആനത്തോട്, പമ്പ ഡാമുകളാണ് അന്നു തുറന്നുവിട്ടത്. പുറമേ മൂഴിയാർ അണക്കെട്ടും തുറന്നുവിട്ടു. ഇതിലെ വെള്ളം ഒഴുകിയെത്തുന്നത് മണിയാർ ഡാമിലാണ്. അവസാനം മണിയാർ ഡാമും തുറന്നുവിട്ടു. കൃത്യമായി മുന്നറിയിപ്പ് നൽകാതെയാണ് ഡാമുകൾ തുറന്നുവിട്ടത്.തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തതിനാൽ വെള്ളം ഒഴുകി കടലിൽ ചേരാൻ കഴിഞ്ഞില്ല. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കുമ്പഴ, വെട്ടൂർ, വലഞ്ചുഴി, ഓമല്ലൂർ, വാഴമുട്ടം, വള്ളിക്കോട്, മാത്തൂർ, തുമ്പമൺ, അമ്പലക്കടവ്, കടയ്ക്കാട്, പന്തളം തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിലായി. തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയായ നെടുമ്പ്രം, പെരിങ്ങര, ചാത്തങ്കേരി, മുട്ടാർ, മേപ്രാൽ, വേങ്ങൽ, വെൺപാല, കുറ്റൂർ തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ശബരിമല പമ്പയിൽ വ്യാപകമായ നാശമാണ് പ്രളയം ഉണ്ടാക്കിയത്.
Source link


