LATEST

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവതി മരിച്ചു. മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മേഴത്തൂർ സ്വദേശി നൗഷിദയാണ് (29) മരിച്ചത്. സംഭവത്തിൽ തൃത്താത്തല പൊലീസ് കേസെടുത്തു. യുവതിക്ക് മതിയായ ചികിത്സ നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

പൂർണ ഗർഭിണിയായ നൗഷിദയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന അനുഭവപ്പെട്ടതിനാൽ പത്തൊൻപതാം തീയതിമുതൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ഡോക്‌ടർമാർ നിർദേശിച്ചു. അവിടെയെത്തുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു.

കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം, ഹൃദായാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്രി. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമെ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ.


Source link

Related Articles

Back to top button