താനൂരിലേക്കില്ല, മന്ത്രി വി അബ്ദു റഹിമാൻ തിരൂരിൽ ഇടതു സ്വതന്ത്രൻ

മലപ്പുറം: മന്ത്രി വി.അബ്ദുറഹിമാൻ തിരൂരിൽ ഇടതുസ്വതന്ത്രനായി മത്സരിക്കും. ജന്മനാട്ടിൽ മത്സരിക്കാൻ എല്ലാവർക്കും താത്പര്യം ഉണ്ടാകില്ലേയെന്നും പെരുന്നാളിനുശേഷം പ്രചാരണത്തിനിറങ്ങുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. തിരൂർ വികസനത്തിൽ പിന്നോട്ടാണ്. ഇത്തവണ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. താനൂരിൽ അബ്ദുറഹിമാനെ സ്ഥാനാർത്ഥിയായി സി.പി.എം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രചാരണത്തിന് ഇറങ്ങാൻ അദ്ദേഹം തയ്യാറായിരുന്നില്ല. താനൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അബ്ദുറഹിമാൻ നേരത്തെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സിറ്റിംഗ് എം.എൽ.എയായ അബ്ദുറഹിമാൻ മത്സരിച്ചാലെ മണ്ഡലം നിലനിറുത്താനാവൂ എന്ന സി.പി.എമ്മിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ താനൂരിൽ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെയാണ് അബ്ദുറഹിമാൻ അതൃപ്തി പരസ്യമാക്കിയത്. തുടർന്ന് തിരൂരിൽ മത്സരിക്കാൻ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.ഇന്നലെ മലപ്പുറത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ശേഷം, ജന്മനാടായ തിരൂരിലേക്ക് മാറുമെന്ന് അബ്ദു റഹിമാൻ സൂചിപ്പിച്ചിരുന്നു.
Source link



