LATEST

തമിഴ്നാടിന് കേരളത്തോടുള്ള പ്രിയം കുറഞ്ഞു,​ പുതിയ കസ്റ്റമർമാരെ കണ്ടെത്തി,​ വില കുതിച്ചുയരുന്നു

ചെറുതുരുത്തി : കടുത്ത ചൂടിന് ആശ്വാസം പകരുകയാണ് കേരളത്തിന്റെ സ്വന്തം വിഭവങ്ങളായ പനംനൊങ്കും ഇളനീരും. എന്നാൽ ഇവയുടെ ലഭ്യത കുറവായതോടെ വില കുതിച്ചുയരുകയാണ്. പനംനൊങ്ക് കൂടുതലായും ലഭിച്ചിരുന്നത് പാലക്കാടൻ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വേലത്താവളം, കോഴിപ്പാറ, തൃശൂർ ജില്ലയുടെ അതിർത്തി പ്രദേശമായ ചെറുതുരുത്തി, മുള്ളൂർക്കര, ദേശമംഗലം എന്നീ പ്രദേശങ്ങളിൽ നിന്നുമാണ്. എന്നാൽ ഇവിടങ്ങളിൽ ഉണ്ടായിരുന്ന കരിമ്പനകൾ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനും വീട് നിർമ്മാണത്തിനുമായി പകുതിയോളം മുറിച്ചുമാറ്റിയതിനാൽ ഇവയുടെ ലഭ്യത വളരെ കുറഞ്ഞു.

ഒരു പന കയറുന്നതിന് കൂലിയായി നൽകേണ്ടി വരുന്നത് 300 രൂപ മുതൽ 350 രൂപ വരെയാണ്. വിൽപ്പന നടത്തുന്നത് എട്ടു പനംനൊങ്കുകൾക്ക് 100 രൂപ എന്ന നിലയിലാണ്. ചൂടിന് ഏറ്റവും വലിയ ആശ്വാസമായ ഇവയുടെ ലഭ്യത ഡിസംബർ മുതൽ മേയ് പകുതിയോടെ നിലയ്ക്കും. വേനലിന്റെ മറ്റൊരു ആശ്വാസമായിരുന്ന ഇളനീരിനും വില ഉയരുകയാണ്. മുൻപ് 40 രൂപ മുതൽ 50 രൂപ വരെ ഉണ്ടായിരുന്ന ഇളനീർ 60 രൂപ മുതൽ 70 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവയുടെ ലഭ്യത കേരളത്തിൽ കുറവാണ്. 30 രൂപ മുതൽ 40 രൂപ വരെ കർഷകർക്ക് നൽകിയാണ് ഇളനീർ കച്ചവടക്കാർ വാങ്ങുന്നത്. കൂടാതെ ഒരു തെങ്ങ് കയറുന്നതിന് 150 രൂപ വരെ നൽകേണ്ട അവസ്ഥയുമാണ്.

ഇളനീർ അധികമായും വന്നിരുന്നത് തമിഴ്‌നാട്, പാലക്കാടൻ മേഖലകളിൽ നിന്നായിരുന്നു എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് വർദ്ധിച്ചതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള ഇളനീർ വരവ് പകുതിയോളം നിലച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ഇളനീർ ഇപ്പോൾ അധികവും പോകുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ്. ദിനംപ്രതി 200 മുതൽ 300 ഇളനീർ വരെയാണ് ഒരോ കച്ചവടക്കാരും വിൽപ്പന നടത്തുന്നത്.


മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം പനംനൊങ്കിന്റെയും ഇളനീരിന്റെയും ലഭ്യത വളരെ കുറവാണ്. അതിനാലാണ് വില വർദ്ധിച്ചിരിക്കുന്നത്. ഇനിയും വില വർദ്ധിക്കാനാണ് സാദ്ധ്യത.
– ഹരിദാസ് നെടുമ്പുര
(വിൽപ്പനക്കാരൻ)


Source link

Related Articles

Back to top button